യുവാവിനെ ഹമീദിയ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമായത്.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ശൈഖ് ഖലീഫ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഏഷ്യക്കാരനായ യുവാവ് ഭീഷണി മുഴക്കിയത്.

ഇതു സംബന്ധിച്ച വിവരം ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചതായി അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘവും പൊലീസ് പട്രോള്‍ വിഭാഗവും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ ഇടപെട്ട അധികൃതര്‍ യുവാവിനോട് സംസാരിക്കുകയും ഇയാളെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിക്കുകയായിരുന്നു.

പൊലീസും യുവാവും തമ്മില്‍ സംസാരിക്കുന്ന വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. പാലത്തിന്റെ അറ്റത്ത് ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്നെത്തി യുവാവിനെ പിടിക്കുകയും തുടര്‍ന്ന് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. 

Read More - യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു

തുടര്‍ന്ന് യുവാവിനെ ഹമീദിയ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമായത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. യുവാവിന്റെ മാനസിക നിലയ്ക്ക് തകരാറില്ലെന്നും ഇയാള്‍ക്ക് മറ്റ് അസുഖങ്ങളില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് യുവാവിന്‍റെ കടങ്ങള്‍ തീര്‍പ്പാക്കാനും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നതിനായി ഇയാളുടെ കേസ് കമ്മ്യൂണിറ്റി പൊലീസിന് കൈമാറി. 

Read More -  ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയ സുഹൃത്ത് വരുത്തിവെച്ചത് 13 ലക്ഷത്തിന്റെ ട്രാഫിക് ഫൈന്‍; കേസ് കോടതിയില്‍