അബുദാബി: യുഎഇയുടെ നാല്‍പത്തി ഒന്‍പതാം ദേശീയ ദിനത്തോടനുബന്ധിച്ച് 628 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. ഇവരുടെ സാമ്പത്തിക ബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമേകാനും ലക്ഷ്യമിട്ടുമാണ് ശൈഖ് ഖലീഫയുടെ തീരുമാനം. 

വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ഈ പ്രാഖ്യാപനത്തിലൂടെ മോചനം ലഭിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്‍മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും 49 തടവുകാര്‍ക്ക് മാപ്പ് നല്‍കിക്കൊണ്ട് ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്‍ചവെച്ചവരാണ് മോചിതരാകുന്നത്.