Asianet News MalayalamAsianet News Malayalam

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം ഖബറടക്കി

പള്ളിയില്‍ വെച്ചുനടന്ന നമസ്‍കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.  യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്‍രിബ് നമസ്‍കാരത്തിന് ശേഷം ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. 

UAE President Sheikh Khalifa laid to rest at Al Bateen cemetery
Author
Abu Dhabi - United Arab Emirates, First Published May 13, 2022, 11:57 PM IST

അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

പള്ളിയില്‍ വെച്ചുനടന്ന നമസ്‍കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.  യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്‍രിബ് നമസ്‍കാരത്തിന് ശേഷം ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേര്‍ വിവിധ പള്ളികളില്‍ നടന്ന നമസ്‍കാരത്തില്‍ പങ്കെടുത്തു. രാഷ്‍ട്രത്തലവന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

ശൈഖ് ഖലീഫയുടെ നിര്യാണം; യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

രാഷ്‍ട്രത്തലവന്റെ നിര്യാണം; യുഎഇയിലെ സ്വകാര്യ മേഖലയ്‍ക്ക് മൂന്ന് ദിവസത്തെ അവധി

1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടപറഞ്ഞത്.

ഇന്ത്യൻ ജനത ഒപ്പമുണ്ട്, യുഎഇ പ്രസിഡന്‍റിന്‍റെ വേർപാടിൽ 'അഗാധ ദുഃഖം' അറിയിച്ച് പ്രധാനമന്ത്രി

യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. രാജ്യത്തെ എണ്ണ, വാതക രംഗത്തെ വന്‍ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും സാമ്പത്തിക വൈവിദ്ധീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വടക്കന്‍ എമിറേറ്റുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ഭവന, വിദ്യാഭ്യാസ പദ്ധതികളുള്‍പ്പെടെ ഒട്ടേറെ പ്രത്യേക പദ്ധതികള്‍ അവിടങ്ങളില്‍ നടപ്പാക്കുകയും ചെയ്‍തു.

'എന്നും കേരളത്തിന്‍റെ സുഹൃത്ത്, പ്രളയ കാലത്തെ സഹായ ഹസ്തം'; വലിയ നഷ്ടമെന്നും മുഖ്യമന്ത്രി

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. ജനങ്ങളുടെ പ്രശ്‍നങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിച്ചിരുന്ന ജനങ്ങളാല്‍ അത്യധികം സ്‍നേ‍ഹിക്കപ്പെട്ട ഭരണാധികാരി കൂടിയായിരുന്നു ശൈഖ് ഖലീഫ.

Follow Us:
Download App:
  • android
  • ios