യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ബലിപെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷം ലോകമെമ്പാടുമുള്ളവർക്ക് ആശംസകൾ നേർന്നു. യുഎഇയെ വീടായി കാണുന്ന എല്ലാവർക്കും പ്രത്യേകമായി ആശംസകൾ നേർന്ന അദ്ദേഹം, രാജ്യത്തിന്‍റെ സഹിഷ്ണുതാ നിലപാടും കാരുണ്യ സന്ദേശവും അടിവരയിട്ടു.  

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾക്കും സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പടുമുള്ള മുസ്ലിംങ്ങൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബുധനാഴ്ച രാവിലെ അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് അദ്ദേഹം പെരുന്നാൾ നമസ്‌കാരം നിർവ്വഹിച്ചത്.

‘യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും’ അദ്ദേഹം തന്‍റെ പെരുന്നാൾ സന്ദേശത്തിൽ പ്രത്യേകമായി ആശംസകൾ നേർന്നു. ഒത്തൊരുമയുടെയും കാരുണ്യത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രാധാന്യം വിളിച്ചോതുന്ന ഈ ബലിപെരുന്നാൾ വേളയിൽ, യുഎഇയുടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുതാ നിലപാടിനെ അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളും സമൂഹങ്ങളും ഒരൊറ്റ മനസ്സോടെ പള്ളികളിൽ ഒത്തുചേർന്നാണ് യുഎഇയിൽ പെരുന്നാൾ ആഘോഷിക്കുന്നത്. ‘നമ്മുടെ രാജ്യത്തിന് മേൽ ദൈവം അനുഗ്രഹങ്ങൾ വർഷിക്കുമെന്നും, ലോകത്തെല്ലാവർക്കും സമാധാനവും സ്ഥിരതയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നും നമുക്ക് പ്രാർത്ഥിക്കാം’- യുഎഇ പ്രസിഡന്‍റ് തന്‍റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. കാരുണ്യത്തിന്‍റെയും ഈ പെരുന്നാൾ വേളയിൽ, ജനങ്ങൾക്കിടയിൽ സൗഹാർദ്ദം നിലനിർത്തുക എന്ന യുഎഇയുടെ ഭരണ സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്. യുഎഇയിലുടനീളമുള്ള പള്ളികളിൽ പെരുന്നാൾ നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് ശേഷം കുടുംബങ്ങളും സുഹൃത്തുക്കളും പരസ്പരം സ്നേഹം പങ്കുവെച്ചും ഈദ് ആശംസകൾ കൈമാറിയും പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്നു.

ഇന്ന് പുലർച്ചെ ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും പ്രഭാത നിശബ്ദതയെ ഭേദിച്ചുകൊണ്ട് പെരുന്നാൾ തക്ബീർ ധ്വനികൾ പള്ളികളിൽ നിന്ന് ഉയർന്നുകേട്ടു. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന ജനസഹസ്രങ്ങൾ പള്ളികളിലേക്ക് ഒഴുകിയെത്തി. നമസ്‌കാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രാർത്ഥനാ ഹാളുകളും പള്ളിയുടെ മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. അബുദാബി, ഷാർജ, അജ്മാൻ ഉൾപ്പെടെയുള്ള എല്ലാ എമിറേറ്റുകളിലും സമാനമായ കാഴ്ചകളാണ് ദൃശ്യമായത്.