ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പ്രഖ്യാപിച്ച ഇറാന്‍റെ നടപടി 'പകൽക്കിനാവ്' മാത്രമാണെന്ന് യുഎഇ. ഇറാൻ സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണെന്നും വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള 'നിയന്ത്രിത സമുദ്രമേഖല' പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും 'പകൽക്കിനാവ്' മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട വ്യക്തമായ സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

‘അറബ് മേഖലയിൽ പതിറ്റാണ്ടുകളായി ഇറാൻ നടത്തുന്ന ഭീഷണികൾ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു വശത്ത് ആക്രമണോത്സുകമായ പ്രസംഗങ്ങളും മറുഭാഗത്ത് സൗഹൃദത്തിന്‍റെ പൊള്ളയായ പ്രഖ്യാപനങ്ങളും കാരണം അവർക്ക് വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനോ യുഎഇയുടെ സമുദ്ര പരമാധികാരത്തിന്മേൽ കടന്നുകയറാനോ ഉള്ള ഇറാന്റെ ശ്രമങ്ങൾ വെറും പകൽക്കിനാവാണ്. അറബ് അയൽരാജ്യങ്ങളുമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ മുറിവേറ്റ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കണം. അത് മുദ്രാവാക്യങ്ങളിലൂടെയല്ല, മറിച്ച് പരമാധികാരത്തെ ബഹുമാനിച്ചും നല്ല അയൽപക്ക ബന്ധം പുലർത്തിയുമാണ് ചെയ്യേണ്ടത്’ - ഡോ. അൻവർ ഗർഗാഷ് കുറിച്ചു.

ട്രംപിന്‍റെ ഭീഷണി

അതേസമയം കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു എന്നാൽ വീണ്ടും യുദ്ധം തുടങ്ങിയാൽ അമേരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്ന് തിരിച്ചടിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ ഭീഷണിയെ ഭയക്കുന്നില്ലെന്നും തിരിച്ചടി ശക്തമായിരിക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. 

കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണത്തിന് ഉത്തരവിട്ടതിന് ഒരു മണിക്കൂർ കഴിഞ്ഞാണ് താൻ അത് മാറ്റിവച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്‌റാൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കൽ താൽക്കാലികമായി നിർത്തിവച്ചെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. എന്നാൽ യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാൻ യുഎസ് തയാറായാൽ ‘വലിയ സർപ്രൈസുകളുണ്ടാകുമെന്ന്’ ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ യുഎസ് പൂർണസജ്ജമാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രസ്താവന.