Asianet News MalayalamAsianet News Malayalam

നിർണായക തീരുമാനവുമായി യുഎഇ പ്രസിഡന്റ്; രാജ്യത്ത് പരസ്യ പ്രകടനം നടത്തിയ വിദേശികൾക്ക് മാപ്പ് നൽകി, നാടുകടത്തും

അൻപതിലധികം ബംഗ്ലാദേശ് പൗരന്മാർ യുഎഇയിൽ അറസ്റ്റിലായിരുന്നു. ഇവരിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും മറ്റുള്ളവ‍ർക്ക് പത്ത് വർഷവും അതിലധികവും കാലത്തെ ജയിൽ ശിക്ഷയുമാണ് അബുദാബി കോടതി വിധിച്ചിരുന്നത്.

UAE President takes important decision to pardon foreigners took part in demonstration in the country
Author
First Published Sep 3, 2024, 4:05 PM IST | Last Updated Sep 4, 2024, 1:20 PM IST

അബുദാബി: ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ പരസ്യ പ്രകടനം നടത്തിയ വിദേശികൾക്ക് മാപ്പ് നൽകി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനാണ് ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പൗരന്മാർക്ക് മാപ്പ് നൽകാനുള്ള തീരുമാനമെടുത്തത്. ഇപ്പോൾ ജയിലിൽ കഴിയുന്ന എല്ലാവരെയും യുഎഇ വിട്ടയക്കും. ഇവരെ നാടുകടത്തുകയും ചെയ്യും.

ബംഗ്ലാദേശിൽ ശൈഖ് ഹസീന സ‍ർക്കാറിനെതിരെ പ്രതിഷേധം അരങ്ങേറിയ ദിവസങ്ങളിലാണ് യുഎഇയിലും ബംഗ്ലാദേശികളായ പ്രവാസികൾ പരസ്യ പ്രകടനം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 22ന് ഇവരിൽ മൂന്ന് പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 54 പേർക്ക് വിവിധ കാലയലളവ് ജയിൽ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനും കോടതിയുടെ വിധിയുണ്ടായി.  ശക്ഷിക്കപ്പെട്ടവരിൽ 53 പേർക്ക് 10 വർഷം തടവും ഒരാൾക്ക് 11 വർഷം തടവുമാണ് അബുദാബി ഫെഡറൽ അപ്പീൽ കോടതി വിധിച്ചത്. രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. ഒരാൾക്കെതിരെ അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതിനും കുറ്റം ചുമത്തി.

57 പേരെ യുഎഇയിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബംഗ്ലാദേശ് എംബസി തങ്ങളുടെ പൗരന്മാർക്ക് പ്രത്യേക മുന്നറിയിപ്പ് നിർദേശം നൽകിയിരുന്നു. യുഎഇയിൽ താമസിക്കുന്നവർ അവിടുത്തെ നിയമങ്ങൾ പാലിക്കണമെന്നും നിരോധിത പ്രവ‍ർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രവാസികൾക്ക് എംബസി നൽകിയ മുന്നറിയിപ്പിൽ നിർദേശിച്ചിരുന്നു. ശിക്ഷാ വിധിക്ക് ശേഷം ജയിലിൽ കഴിയുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് മാപ്പ് നൽകി കൊണ്ടുള്ള യുഎഇ പ്രസിഡന്റിന്റെ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇവരുടെ ശിക്ഷ റദ്ദാക്കി നാടുകടത്താൻ നി‍ർദേശിച്ച് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് അൽ ശംസി ഉത്തരവിട്ടു.

രാജ്യത്തെ താമസക്കാർ യുഎഇയിലെ നിയമങ്ങൾ പാലിക്കണമെന്ന് യുഎഇ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. അഭിപ്രായ പ്രകടനത്തിനുള്ള അവകാശം രാജ്യത്തെ ഭരണകൂടവും നിയമങ്ങളും വഴി സംരക്ഷിതമാണ്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നിയമപരമായ മാർഗങ്ങ‌ൾ യുഎഇ അനുവദിച്ചിട്ടുണ്ട്. ഈ അവകാശം രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും താത്പര്യങ്ങൾ ഹനിക്കുന്ന തരത്തിലേക്ക് മാറരുതെന്നും അറ്റോർണി ജനറൽ അറിയിച്ചിട്ടുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios