അബുദാബി: ഖത്തറുമായി ബന്ധപ്പെട്ട കയറ്റുമതി, ഇറക്കുമതി നയങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യുഎഇ. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും യുഎഇ ഫെഡറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി - ലാന്റ് ആന്റ് മാരിടൈം അറിയിച്ചു.

യുഎഇയിലെ തുറമുഖങ്ങളിലും അതിര്‍ത്തി ചെക്പോസ്റ്റുകളിലും ഖത്തറുമായി ബന്ധപ്പെട്ട നയങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണ്. രാജ്യത്ത് കരമാര്‍ഗവും കടല്‍മാര്‍ഗവുമുള്ള ചരക്കുനീക്കം സംബന്ധിച്ച പൂര്‍ണ്ണ അധികാരം ഫെഡറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിക്കാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും അതോരിറ്റിയുടെ കീഴിൽ വരുന്നതാണ്. ഇക്കാര്യത്തിലുള്ള എല്ലാ വിവരങ്ങളും അറിയിക്കുന്നത്​ അതോറിറ്റി മാത്രമാണെന്നും മറ്റാരുമല്ലെന്നും അധികൃതർ പറഞ്ഞു.