അബുദാബി: യുഎഇയില്‍ ഇന്ന് 1061 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1146 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. പുതിയതായി ആറ് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1,00,794 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 90,556 പേര്‍ രോഗമുക്തരായിട്ടുണ്ട്. 435 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‍തു. ഇപ്പോള്‍ 9,803 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,02,379 ടെസ്റ്റുകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ ഒരു കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

അതേസമയം രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ചുതുടങ്ങുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം  ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ വിസ അനുവദിക്കുക.