അബുദാബി: യുഎഇയില്‍ പുതിയതായി 1036 പേര്‍ കൂടി കൊവിഡ് രോഗമുക്തരായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 293 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

രാജ്യത്തെമ്പാടും 48,000 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. ഇതില്‍ നിന്നാണ് 293 പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെ 337 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ട് ദിവസം രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

ഇന്ന് രോഗം കണ്ടെത്തിയവര്‍ ഉള്‍പ്പെടെ ആകെ 56,422 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 48,488 പേര്‍ ഇതിനോടകം രോഗമുക്തരായി. നിലവില്‍ 7,637 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. കൂടുതല്‍ പേര്‍ രോഗമുക്തരായതില്‍ ആരോഗ്യ പ്രവര്‍ത്തകരെ, യുഎഇ രാഷ്ട്ര നേതാക്കളും അധികൃതരും പ്രശംസിച്ചു. രാജ്യത്തെ നിരവധി ഫീല്‍ഡ് ആശുപത്രികള്‍ കൊവിഡ് രോഗികളില്ലാതെ അടച്ചുപൂട്ടി. നിരവധി ആശുപത്രികളില്‍ ചികിത്സയിലിരുന്ന രോഗികളെല്ലാം ഡിസ്‍ചാര്‍ജായതിനെ തുടര്‍ന്ന് കൊവിഡ് മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.