അബുദാബി: യുഎഇയില്‍ 3,243 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,195 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 151,480 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരുള്‍പ്പെടെ ഇതുവരെ  2,36,225 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,10,561 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.  717 മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത്. നിലവില്‍ 24,947 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.യുഎഇയില്‍ ആകെ 2.5 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.  

അതേസമയം യുഎഇയില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളവര്‍ക്കെല്ലാം ഇതിനോടകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. രണ്ടര ലക്ഷത്തിലധികം പേര്‍ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

കൊവിഡ് വാക്സിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. തിങ്കളാഴ്‍ച രാത്രി പുറത്തിറക്കിയ പ്രസ്‍താവനയിലാണ് വാക്സിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക സ്രോതസുകളില്‍ നിന്നോ വിശ്വാസ്യതയുള്ള കേന്ദ്രങ്ങളില്‍ നിന്നോ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാതെ പ്രചരിപ്പിക്കുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന എല്ലാവരും ഇതിന് ഉത്തരവാദികളായിരിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ പ്രതിരോധ മന്ത്രാലയം നല്‍കി.