അബുദാബി: യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 379 പേര്‍ രോഗമുക്തി നേടുകയും ചെയ്‍തു. ഇന്ന് ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ ഇതുവരെ 68,901 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 59,861 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 379 പേരാണ് ആകെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 8,661 കൊവിഡ് രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,680 കൊവിഡ് പരിശോധകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച 491 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ 50 ദിവസത്തേതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന രോഗനിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.