അബുദാബി: യുഎഇയില്‍ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1255 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 657 പേര്‍ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം നടത്തിയ 1,56,425 കൊവിഡ് പരിശോധനകളിലൂടെയാണ് 1255 പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,81,405 ആയി. ഇവരില്‍ 1,61,741 പേരാണ് ഇതിനോടകം രോഗമുക്തരായത്. 602 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 19,062 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 1.77 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് യുഎഇ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വാക്സിനെടുക്കുന്നതിനായി അബുദാബിയില്‍ രജിസ്‍ട്രേഷനും ആരംഭിച്ചു.