അബുദാബി: യുഎഇയില്‍ തിങ്കളാഴ്‍ച 626 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 988 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്‍തു. ഒരു കൊവിഡ് മരണമാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ‍്‍തിരിക്കുന്നത്.

ഇതുവരെ 92,095 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 81,462 പേരും രോഗമുക്തരായി. 413 പേര്‍ മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ 10,220 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,888 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 95 ലക്ഷത്തോളം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

അതേസമയം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധന രാജ്യത്ത് തുടരുകയാണ്. നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ചു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്‍ച വരുത്തുന്ന സ്വകാര്യ സ്‍കൂളുകളില്‍ നിന്ന് 2,50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.