അബുദാബി: യുഎഇയില്‍ താമസ വിസ പുതുക്കാന്‍ ഒക്ടോബര്‍ 10 വരെ സമയം ലഭിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാവുകയെന്നും ആമര്‍ സെന്ററുകളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലുണ്ട്. 

മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച തീയ്യതി കണക്കാക്കിയായിരുന്നു നേരത്തെ പുതുക്കാനുള്ള സമയപരിധി അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വിസാ കാലാവധി മാര്‍ച്ച് ഒന്നിന് ശേഷമാണ് അവസാനിച്ചതെങ്കില്‍, തീയ്യതി കണക്കാക്കാതെ തന്നെ ഒക്ടോബര്‍ 10 വരെ പുതുക്കാന്‍ സമയം അനുവദിക്കും.

താമസ വിസയുള്ളവര്‍ അത് പുതുക്കാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഒക്ടോബര്‍ 10 വരെ വിസ റദ്ദാക്കാനും സമയം ലഭിക്കും. വിസ റദ്ദാക്കിയാല്‍ രാജ്യം വിടാനുള്ള സമയപരിധി വിസ ക്യാന്‍സലേഷന്‍ രേഖകളില്‍ സൂപിപ്പിച്ചിട്ടുണ്ടാവും. കാലാവധി കഴിഞ്ഞ വിസ, നിശ്ചിത സമയപരിധിക്കുള്ളില്‍ പുതുക്കാതിരിക്കുകയോ റദ്ദാക്കാതിരിക്കുകയോ ചെയ്താല്‍ അനധികൃത താമസത്തിനുള്ള പിഴ ഈടാക്കും. 

കാലാവധി അവസാനിച്ചശേഷമുള്ള ആദ്യ ദിവസത്തേക്ക് 125 ദിര്‍ഹവും പിന്നീട് 180 ദിവസം വരെ ഓരോ ദിവസത്തേക്കും 25 ദിര്‍ഹം വീതവുമായിരിക്കും പിഴ. 180 ദിവസത്തിന് ശേഷം ഒരു വര്‍ഷം വരെ ഓരോ ദിവസത്തേക്കും 50 ദിര്‍ഹം വീതവും ഈടാക്കും. ഒരു വര്‍ഷത്തിന് ശേഷമുള്ള അധിക താമസത്തിന് ദിവസവും 100 ദിര്‍ഹമായിരിക്കും പിഴ.