പരമാവധി 90 ദിവസം വരെയാണ് വിസാ കാലാവധി. ഈ വിസയില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം. 

അബുദാബി: യുഎഇ താമസക്കാര്‍ക്ക് സ്വന്തം സ്പോൺസര്‍ഷിപ്പില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശക വിസയില്‍ രാജ്യത്ത് കൊണ്ടുവരാം. ഫ്രണ്ട് അല്ലെങ്കില്‍ റിലേറ്റീവ് വിസ സേവനം പ്രയോജനപ്പെടുത്തണമെന്ന് പൗരന്മാരോടും താമസക്കാരോടും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. 

30,60, 90 ദിവസത്തെ കാലാവധിയുള്ള വിസയില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിൽ കൊണ്ടുവരാം. തുല്യകാലയളവിലേക്ക് വിസ പുതുക്കുകയും ചെയ്യാം. ഒന്നു മുതൽ 3 മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി, ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വിസ തിരഞ്ഞെടുക്കാം. വിസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാൽ മതി.ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവ വഴി അപേക്ഷിക്കാം. വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യം വിടാത്തവര്‍ക്ക് പിഴ ചുമത്തും. 

വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആറ് മാസത്തിലേറെ കാലാവധിയുള്ള സാധുതയുള്ള പാസ്പോര്‍ട്ട്, എയര്‍ ടിക്കറ്റ്, സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം. യുഎഇ പൗരന്‍റെയോ യുഎഇയിലെ താമസക്കാരുടെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണം വിസാ അപേക്ഷകര്‍. ഐസിപി നിർദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മാത്രമേ സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിസയെടുക്കാനാകൂ. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയാണ് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also -  രാവിലെ 10.45, വിമാനത്തിൽ 167 യാത്രക്കാരും 6 ജീവനക്കാരും; ടേക്ക് ഓഫിനിടെ കയോട്ടിയെ ഇടിച്ചു, ഉടൻ തിരിച്ചു പറന്നു

ഐസിപി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഡിജിറ്റൽ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വിസ ഓപ്ഷനിൽ പ്രവേശിച്ച് സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ തെരഞ്ഞെടുക്കണം. പിന്നീട് വിസിറ്റ് എ റിലേറ്റീവ് ഓർ ഫ്രണ്ട് എന്ന ഓപ്ഷനിൽ ആവശ്യമുള്ള കാലാവധി സെലക്ട് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ തത്സമയം ഡിജിറ്റലായി തന്നെ വിസ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം