നാളെ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 

അബുദാബി: യുഎഇയിൽ ദുൽ ഹജ് മാസം ആരംഭിക്കാനുള്ള മാസപ്പിറവി മെയ് 27ന് കാണാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) പ്രവചിച്ചു. ഇത് പ്രകാരം മിക്ക ഇസ്ലാമിക രാജ്യങ്ങളിലും അറഫ ദിനം ജൂൺ5നും ബലിപെരുന്നാള്‍ ജൂൺ 6നും ആകാനാണ് സാധ്യതയെന്ന് ഐഎസി ഡയറക്ടർ മുഹമ്മദ് ഷൗകത്ത് ഒദെഹ് പറഞ്ഞു. 

നാളെ മാസപ്പിറവി കാണാനായില്ലെങ്കിൽ ദുൽ ഹജ്ജിന്‍റെ ആദ്യദിനം ഈ മാസം 29 ആയിരിക്കും. അങ്ങനെയാണെങ്കില്‍ ബലി പെരുന്നാൾ ജൂൺ 7നാകും. യുഎഇയിൽ നാല് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി. ശനി, ഞായർ ദിവസങ്ങളുൾപ്പെടെ ജൂൺ 5 മുതൽ 8 വരെയോ അല്ലെങ്കിൽ ജൂൺ 6 മുതൽ 9 വരെയോ അവധി ലഭിക്കും. യുഎഇയിൽ പൊതു, സ്വകാര്യ മേഖലയ്ക്ക് ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. 

അതേസമയം സൗദി അറേബ്യയില്‍ നാളെ (മെയ് 27) വൈകുന്നേരം ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ ഇക്കാര്യം സമീപത്തുള്ള കോടതിയില്‍ സാക്ഷ്യപ്പെടുത്തേണ്ടതാണെന്ന് കോടതി പ്രസ്താവനയില്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം