69കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെയാണ് പുതിയ മാർപ്പാപ്പ ആയി തിരഞ്ഞെടുത്തത്
അബുദാബി: പുതിയ മാർപ്പാപ്പയും ആഗോള കത്തോലിക്ക സഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറി യുഎഇ ഭരണാധികാരികൾ. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ സ്ഥാപിക്കാൻ കഴിയട്ടെ എന്നായിരുന്നു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചത്.
യുഎഇ ജനങ്ങളും ഭരണാധികാരികളും രാഷ്ട്രങ്ങൾക്കിടയിൽ സംഭാഷണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള വത്തിക്കാന്റെ പങ്കിനെ അങ്ങേയറ്റം വിലമതിക്കുന്നു. വിശുദ്ധ മാർപ്പാപ്പയോടൊപ്പം സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പങ്കിട്ട മാനവികതയുടെയും ആഗോള സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രവർത്തിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു - വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിൽ കുറിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറിയിരുന്നു.
69കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെയാണ് പുതിയ മാർപ്പാപ്പ ആയി തിരഞ്ഞെടുത്തത്. 'ആദ്യത്തെ അമേരിക്കൻ മാർപാപ്പ' എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തമായി. അദ്ദേഹം 'ലിയോ പതിനാലാമന്‍ മാർപ്പാപ്പ' (Pope Leo XIV) എന്ന പേരാണ് ഔദ്യോഗികമായി സ്വീകരിച്ചത്.


