വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ് എന്നിവയും ഉണ്ടാകും
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മഴ ഞായറാഴ്ച വരെ തുടരും. മക്ക മേഖലയിൽ ഇടത്തരം മുതൽ കനത്ത മഴ വരെ ലഭിച്ചേക്കാം. കൂടാതെ വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ് എന്നിവയും ഉണ്ടാകും. തായിഫ്, മെയ്‌സാൻ, അൽ മുവൈഹ്, തുർബ, അൽ ഖുർമ, റാനിയ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുന്നത്.
റിയാദ് മേഖലയിലും നേരിയതു മുതൽ ഇടത്തരം വരം മഴ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് ഉണ്ട്. അഫീഫ്, അൽ ദവാദ്മി, അൽ ഖുവൈയ, ശഖ്ര തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുന്നത്. വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയും ഉണ്ട്. ജസാൻ, അസീർ, അൽ ബഹ, മദീന മേഖലകളിലും ഇടത്തരം മുതൽ കനത്ത മഴ വരെ ലഭിച്ചേക്കാം. നജ്റാൻ, ഖാസിം മേഖലയിലും നേരിയതു മുതൽ ഇടത്തരം വരെ മഴ ലഭിക്കും. ഇവിടങ്ങളിൽ ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിക്കണമെന്നും ഇവിടങ്ങൾ സന്ദർശിക്കുകയോ നീന്തൽ പോലുള്ള വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പൊതു ജനങ്ങളോട് സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു. കാലാവസ്ഥ അപ്ഡേറ്റുകൾ ഔദ്യോഗിക ചാനലുകളിലൂടെ പിന്തുടരണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.


