ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് യുഎഇ. രോഗികളെ പൊതുജന സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യുഎഇയിലാണ്. ഇതുവരെ 13 പേര്‍ക്കാണ് യുഎഇയില്‍ ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ സുഖംപ്രാപിച്ചു.

നിലവില്‍ സൗദി അറേബ്യയുടെ ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മേഖലയില്‍ ഭീതി വര്‍ദ്ധിക്കുകയാണ്. രോഗ വ്യാപനം തടയാനായി ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്റൈന്‍ നിര്‍ത്തിവെച്ചിരുന്നു. ബഹ്റൈനിലെ സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും രണ്ടാഴ്ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്താകമാനം 80,294 പേര്‍ക്കാണ് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 2707 പേര്‍ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു.