എല്ലാ വീടുകളിലും അച്ഛനും അമ്മയും കുട്ടികളും മാത്രമല്ലെന്നും ചില കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രണ്ട് അമ്മമാര്‍ മാത്രമോ മറ്റ് ചിലര്‍ക്ക് രണ്ട് അച്ഛന്മാര്‍ മാത്രമേ ഉണ്ടാവാമെന്നും പുസ്തകം പറയുന്നു. 

ദുബായ്: സ്വവര്‍ഗ വിവാഹത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠപുസ്തകം രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് യുഎഇയിലെ സ്കൂളില്‍ നിന്ന് പിന്‍വലിച്ചു. ബ്രിട്ടീഷ് സിലബസ് അനുസരിച്ച് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളിലെ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെയാണ് എതിര്‍പ്പുയര്‍ന്നത്. അതേസമയം രാജ്യത്തിന്റെ സാമൂഹിക-സാംസ്കാരിക മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാകണം പുസ്തകങ്ങളെന്ന് യുഎഇ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റി (കെഎച്ച്ഡിഎ) നിര്‍ദ്ദേശിച്ചു.

സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് കുട്ടിക്ക് നല്‍കിയ പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദമായത്. കുടുംബങ്ങള്‍ വ്യത്യസ്തമാണെന്നും അവയിലെ വലിപ്പച്ചെറുപ്പവുമെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു പുസ്തകം. എന്നാല്‍ എല്ലാ വീടുകളിലും അച്ഛനും അമ്മയും കുട്ടികളും മാത്രമല്ലെന്നും ചില കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രണ്ട് അമ്മമാര്‍ മാത്രമോ മറ്റ് ചിലര്‍ക്ക് രണ്ട് അച്ഛന്മാര്‍ മാത്രമേ ഉണ്ടാവാമെന്നും പുസ്തകം പറയുന്നു. ഇതിനെതിരെയാണ് ചില രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചത്. സ്കൂള്‍ അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പുസ്തകം ഉടനെ തിരികെ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 

രാജ്യത്തെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഇവിടുത്തെ സാമൂഹിക-സാംസ്കാരിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതാവണമെന്ന് കെഎച്ച്ഡിഎ നിര്‍ദ്ദേശിച്ചു. ഈ രംഗത്ത് നിയമങ്ങളും ചട്ടങ്ങളും പാലിക്കുപ്പെടുന്നുണ്ടോയെന്ന് കെഎച്ച്ഡിഎ നിരന്തരമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഗുണമേന്മയുള്ളതും ക്രിയാത്മകവുമായ വിദ്യാഭ്യാസം നല്‍കാനാണ് സ്കൂളുകള്‍ ശ്രദ്ധിക്കേണ്ടതെന്നും കെ.എച്ച്ഡി.എ നിര്‍ദേശിച്ചു.