അബുദാബി: യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ മാറ്റുന്നെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.

വാരാന്ത്യ അവധി ദിനങ്ങള്‍ ഇപ്പോഴുള്ള വെള്ളി, ശനി ദിവസങ്ങള്‍ക്ക് പകരം ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റുന്നെന്നാണ് വ്യാജ വാര്‍ത്തയിലുള്ളത്. സര്‍ക്കാര്‍, ഫെഡറല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്‍ച 12 മണിക്കൂര്‍ ജോലി ചെയ്യണമെന്നും ഈ വ്യാജ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് യുഎഇ നിയമ പ്രകാരം 10 ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങള്‍. ഇവ 2006ലാണ് വെള്ളി, ശനി ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചത്.