ഡിജിറ്റൽ പരിവർത്തന രംഗത്ത് മികച്ച നേട്ടം കൈവരിച്ച രാജ്യമെന്ന നിലയില്‍ ഐ.സി.ടി മേഖലയിൽ മുൻ‌തൂക്കം നേടുന്നതിൽ യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഈ ആഗോള നേട്ടമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദുബൈ: ഏറ്റവും വേഗതയേറിയ ഡൗണ്‍ലോഡ്‌ വേഗതയുമായി ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് സൂചികയിൽ ആഗോളതലത്തിൽ ആദ്യ 20 രാജ്യങ്ങളിൽ ഇടംനേടി യുഎഇ. ഫിക്‌സഡ് ബ്രോഡ്‌ബാൻഡ്, മൊബൈൽ നെറ്റ്‌വർക്ക് ടെസ്റ്റിംഗ് ആപ്ലിക്കേഷനുകൾ, ഡാറ്റ, വിശകലനം തുടങ്ങിയ രംഗങ്ങളിലെ മുൻനിര കമ്പനിയായ ഊക്‌ലയുടെ 2021 മെയ് മാസത്തിലെ കണക്കുകളിലാണ് ഈ വിവരമുള്ളത്.

ഡിജിറ്റൽ പരിവർത്തന രംഗത്ത് മികച്ച നേട്ടം കൈവരിച്ച രാജ്യമെന്ന നിലയില്‍ ഐ.സി.ടി മേഖലയിൽ മുൻ‌തൂക്കം നേടുന്നതിൽ യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഈ ആഗോള നേട്ടമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ രണ്ട് ഓപ്പറേറ്റർമാരുടെയും സംയുക്ത പരിശ്രമത്തിലൂടെ യുഎഇ ആഗോളതലത്തിലെ സ്‍പീഡ് ടെസ്റ്റ് ഗ്ലോബൽ സൂചികയിലെ ആദ്യ പത്തിൽ ഇടം നേടാനാണ് ലക്ഷ്യമിടുന്നതെന്ന് ടെലികമ്മ്യൂണിക്കേഷൻ ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ജനറൽ മജീദ് സുൽത്താൻ അൽ മെസ്മാർ പറഞ്ഞു.

ജനുവരിയില്‍ 125 എം.ബി.പി.എസ് ആയിരുന്നു ശരാശരി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയെങ്കില്‍ മേയ് മാസത്തോടെ ഇത് 180 എം.ബി.പി.എസ് ആയി ഉയര്‍ന്നു. ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നിരവധി ഘടകങ്ങളാണ് ഈ നേട്ടത്തിന് കാരണമായത്. ജനുവരിയില്‍ ലോകതലത്തില്‍ 28-ാം സ്ഥാനത്തുനിന്ന് മേയ് മാസത്തോടെ 16-ാം സ്ഥാനത്തേക്ക് നിലമെച്ചപ്പെടുത്തുകയായിരുന്നു.

135 രാജ്യങ്ങളെ വിലയിരുത്തുന്ന സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ സൂചിക ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗത ഡാറ്റയെ പ്രതിമാസ അടിസ്ഥാനത്തിൽ താരതമ്യം ചെയ്‍താണ് തയ്യാറാക്കുന്നത്. ഓരോ മാസവും സ്‍പീഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് ആളുകൾ നടത്തുന്ന ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഇൻഡെക്സ് ഡാറ്റ ശേഖരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona