Asianet News MalayalamAsianet News Malayalam

യുഎഇക്ക് അഭിമാന നിമിഷം; വൈദ്യുതി ഉത്പാദനത്തിനായുള്ള അറബ് ലോകത്തെ ആദ്യ ആണവ നിലയം പ്രവര്‍ത്തനം തുടങ്ങി

പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ, പ്ലാന്റ് 5.6 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിലൂടെ പ്രതിവർഷം 21 ദശലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളുന്നത് തടയാനാവും. ഇത് പ്രതിവർഷം 3.2 ദശലക്ഷം കാറുകൾ രാജ്യത്തെ റോഡുകളിൽ നിന്ന് നീക്കംചെയ്യുന്നതിന് തുല്യമാണിത്.

UAE starts up Arab worlds first nuclear plant
Author
Abu Dhabi - United Arab Emirates, First Published Aug 2, 2020, 5:50 PM IST

അബുദാബി: ചൊവ്വാ ദൗത്യത്തിന് പിന്നാലെ ആണവോര്‍ജ രംഗത്തും ചരിത്രം കുറിച്ച് യുഎഇ. വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയം അബുദാബിയില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ ദഫ്റയിലെ ബറാക ആണവോര്‍ജ നിലയത്തിലെ നാല് റിയാക്ടറുകളില്‍ ആദ്യത്തേതിലാണ് ഉത്പാദനം തുടങ്ങിയത്. അടുത്ത 60 വർഷത്തേക്കുള്ള വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യ ഘട്ട പൂര്‍ത്തീകരണം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ നാഴികക്കല്ലാണ്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയ വിവരം ട്വീറ്റ് ചെയ്തത്. ബറാക ന്യൂക്ലിയർ എനർജി പ്ലാന്റിലെ ഒന്നാം യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് പിന്നില്‍ പ്രയത്നിച്ച അല്ലാവരെയും യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാനും അഭിനന്ദിച്ചു. ഇത് അഭിമാന നിമിഷമാണെന്നും ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 ഫെബ്രുവരിയിൽ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻസിൽ നിന്ന് നിലയത്തിന് ഓപ്പറേറ്റിംഗ് ലൈസൻസ് ലഭിച്ചിരുന്നു. മാർച്ചിൽ ഇന്ധന ലോഡിങ് പൂർത്തിയാക്കി. സുരക്ഷാ പരിശോധനകൾ പൂര്‍ത്തിയാക്കിയ ശേഷം, യുഎഇയുടെ വൈദ്യുത ഗ്രിഡിലേക്ക് ഈ യൂണിറ്റിനെ കണക്ട് ചെയ്യും. ഇതോടെ നിലയത്തില്‍ നിന്നുള്ള വൈദ്യുതി രാജ്യത്തെ വീടുകളിലും വ്യവസായ കേന്ദ്രങ്ങളിലുമെഎത്തും.

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ആണവോർജ്ജം ഉപയോഗപ്പെടുത്തുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യവും ആഗോളതലത്തിലെ 33-ാമത്തെ രാജ്യവുമാണ് യുഎഇ. പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ, പ്ലാന്റ് 5.6 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിലൂടെ പ്രതിവർഷം 21 ദശലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളുന്നത് തടയാനാവും. ഇത് പ്രതിവർഷം 3.2 ദശലക്ഷം കാറുകൾ രാജ്യത്തെ റോഡുകളിൽ നിന്ന് നീക്കംചെയ്യുന്നതിന് തുല്യമാണിത്.

Follow Us:
Download App:
  • android
  • ios