ലോകത്തോട് മത്സരിക്കാനുള്ള പക്വതയും വിജ്ഞാനവും അഭിലാഷവും തങ്ങള്‍ക്ക് കൈമുതലുണ്ടെന്ന് യുഎഇയിലെ യുവസമൂഹം തെളിയിച്ചിരിക്കുകയാണെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
അബുദാബി: പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൃത്രിമ ഉപഗ്രഹം 'ഖലീഫസാറ്റ്' യുഎഇ വിജയികരമായി വിക്ഷേപിച്ചു. യുഎഇ സമയം തിങ്കളാഴ്ച രാവിലെ 8.08ന് ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ എച്ച്-2എ റോക്കറ്റാണ് ഖലീഫസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്.
ലോകത്തോട് മത്സരിക്കാനുള്ള പക്വതയും വിജ്ഞാനവും അഭിലാഷവും തങ്ങള്‍ക്ക് കൈമുതലുണ്ടെന്ന് യുഎഇയിലെ യുവസമൂഹം തെളിയിച്ചിരിക്കുകയാണെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ സ്വദേശികളായ 70 എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് ഖലീഫസാറ്റ് വികസിപ്പിച്ചെടുത്തത്. കൗണ്ട് ഡൗണും വിക്ഷേപണവും എം.ബി.ആര്‍.എസ്.സി വെബ്സൈറ്റില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ശാസ്ത്രനേട്ടത്തിൽ യുഎഇ വ്യക്തമായ സ്ഥാനമാണ് അലങ്കരിച്ചിരിക്കുന്നെന്നും അറബികൾക്കും ലോകത്തോട് മത്സരിക്കാൻ സാധിക്കുമെന്നാണ് എമിറാത്തി യുവാക്കൾ തെളിയിച്ചിരിക്കുകയാണെന്നും അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ ട്വിറ്ററില്‍ കുറിച്ചു. യുഎഇ ശാസ്ത്രജ്ഞന്മാരുടെ കഴിവിൽ അഭിമാനിക്കുന്നുവെന്നാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടത്.
ജപ്പാന്റെ ഗോസാറ്റ്-2നൊപ്പമായിരുന്നു ഖലീഫസാറ്റിന്റെയും വിക്ഷേപണം. വിക്ഷേപണം പൂര്‍ത്തിയായതോടെ സാമൂഹിക മാധ്യമങ്ങളില്‍ യുഎഇയില്‍ ഏറ്റമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി ഖലീഫസാറ്റ് മാറി. തത്സമയ സംപ്രേക്ഷണം വീക്ഷിക്കാന്‍ നിരവധിപ്പേര്‍ ശ്രമിച്ചത് കാരണം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ വെബ്സൈറ്റ് തകരാറിലായി. എന്നാല്‍ യുട്യൂബ് വഴി പ്രശ്നമൊന്നുമില്ലാതെ തത്സമയ സംപ്രേക്ഷണം നടന്നു.
