യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, വ്യവസായികളുടെ ജെറ്റ് വിമാനങ്ങള്‍ എന്നിവയ്‍ക്ക് വിലക്ക് ബാധകമല്ല. 

അബുദാബി: കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 12 ബുധനാഴ്‍ച രാത്രി 11.59 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരത്തെ തന്നെ യുഎഇ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടി വിലക്ക് ബാധകമാക്കുന്നത്. ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്‍ഗോ ഫ്ലൈറ്റുകള്‍ തടസമില്ലാതെ സര്‍വീസ് നടത്തും. യാത്രാ വിലക്കിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി (എന്‍.സി.ഇ.എം.എ) അറിയിപ്പ് പുറപ്പെടുവിച്ചു. 

യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, വ്യവസായികളുടെ ജെറ്റ് വിമാനങ്ങള്‍ എന്നിവയ്‍ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. യുഎഇയിലെത്തിയ ശേഷം പരിശോധന ആവര്‍ത്തിക്കുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. യുഎഇയിലെത്തിയ ശേഷം നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധന നടത്തിയിരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.