അബുദാബി: അബുദാബിയില്‍ പ്രവേശിക്കുന്നതിനായി കൊവിഡ് പരിശോധനാ റിസള്‍ട്ട് മെസേജുകളില്‍ കൃത്രിമം കാണിച്ച നിരവധിപ്പേര്‍ക്കെതിരെ നിയമനടപടി. വിവിധ രാജ്യക്കാരായ 102 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഫെഡറല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് പ്രോസിക്യൂഷന്‍ ആക്ടിങ് ഡയറക്ടര്‍ സലീം അല്‍ സാബി അറിയിച്ചു.

അബുദാബിയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ കൊവിഡ് പരിശോധനാ ഫലം ആവശ്യമാണ്. അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്ന് ഫലമറിയിച്ചുകൊണ്ടുള്ള മെസേജോ അല്ലെങ്കില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ലഭിക്കുന്ന പരിശോധനാ ഫലമാണ് യാത്രക്കാര്‍ ഉദ്യോഗസ്ഥരെ കാണിക്കേണ്ടത്. പരിശോധനാ ഫലം സംബന്ധിച്ച മെസേജുകളില്‍ കൃത്രിമം കാണിച്ച് അബുദാബിയില്‍ കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങളെല്ലാം രാജ്യത്തെ സ്വദേശികളും പ്രവാസികളും കര്‍ശനമായി പാലിക്കണമെന്ന് അല്‍ സാബി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.