യുഎഇയിൽ നിലവിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. എൽ നിനോ പ്രതിഭാസമാണ് ഈ അസാധാരണ ചൂടിന് കാരണമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഉയർന്ന ആർദ്രതയും മൂടൽമഞ്ഞും സാധാരണയേക്കാൾ കൂടുതൽ മഴയും രാജ്യത്ത് പ്രതീക്ഷിക്കുന്നുണ്ട്.
അബുദാബി: യുഎഇയിൽ താപനില സാധാരണ നിലയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ അധികം രേഖപ്പെടുത്തുന്നതായി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ശരത്കാലത്തിന്‍റെ തുടക്കത്തിൽ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും പിന്നീട് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും അദ്ദേഹം ദുബായ് റേഡിയോയിലെ 'ഡയറക്റ്റ് ലൈൻ' പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.
രാജ്യം തണുപ്പുകാലത്തേക്ക് കടന്നുകൊണ്ടിരിക്കുമ്പോഴും, പതിവിലും കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്. പസഫിക് സമുദ്രത്തിലെ താപവ്യതിയാനവുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസമാണ് ഈ കാലാവസ്ഥയ്ക്ക് കാരണമെന്ന് അൽ ജർവാൻ വിശദീകരിച്ചു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളുടെ തുടക്കം വരെ ഈ പ്രതിഭാസം ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കാം.
സാധാരണയായി ഒക്ടോബർ ആദ്യ ആഴ്ചയിൽ പകൽ സമയത്തെ താപനില 35 ഡിഗ്രി സെൽഷ്യസിനും രാത്രിയിൽ 22 മുതൽ 23 ഡിഗ്രി സെൽഷ്യസുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ നിലവിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പകൽ താപനില 37 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്.
ചൂട് കൂടുതലാണെങ്കിലും ഈ സമയത്ത് ഉയർന്ന ആർദ്രത അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. തീരദേശങ്ങളിൽ ഈർപ്പം 80 ശതമാനത്തിന് മുകളിലും ഉൾനാടുകളിൽ 70 ശതമാനത്തിന് മുകളിലും എത്താറുണ്ട്. ഇത് പ്രഭാതങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ പത്തോളം ദിവസങ്ങളിൽ രാവിലെ മൂടൽമഞ്ഞ് ഉണ്ടാകാറുള്ളതാണ്.


