രക്ഷിതാക്കളുടെ സമ്മതം ഇല്ലെങ്കില്‍ പോലും സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനാകും.
അബുദാബി: യുഎഇ ഫെഡറല്‍ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തില്‍ ഏപ്രില്‍ 15 മുതല്‍ സുപ്രധാന മാറ്റം വരുന്നു. സ്ത്രീകള്‍ക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരിക. രക്ഷിതാക്കളുടെ സമ്മതം ഇല്ലെങ്കില്‍ പോലും സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാം. മാതാപിതാക്കള്‍ എതിര്‍ത്താലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഇനി ഇഷ്മുള്ള വ്യക്തിയെ വിവാഹം കഴിക്കാനാകും.
സ്വന്തം രാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിഷ്കർഷിക്കുന്നില്ലെങ്കിൽ വിദേശികളായ മുസ്‌ലിം സ്ത്രീകൾക്കും ഈ നിയമം ബാധകമാകും. പങ്കാളികൾ തമ്മിൽ 30 വയസ്സിലേറെ പ്രായ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറിയാൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാം. നിയമപ്രകാരമുള്ള വിവാഹ പ്രായം 18 വയസ്സാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതിന് മാതാപിതാക്കള്‍ എതിര്‍ത്താല്‍ കോടതിയെ സമീപിക്കാവുന്നതാണ്.
ഒരു പുരുഷന്‍ സ്ത്രീയുടെ അനുവാദത്തോടെ, വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതാണ് വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തില്‍ വിവാഹ വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ വിവാഹ നിശ്ചയം വിവാഹമായി പരിഗണിക്കാനാകില്ലെന്നും നിയമം വ്യക്തമാക്കുന്നു. വിവാഹ നിശ്ചയത്തിന് ശേഷം വിവാഹം റദ്ദാക്കുന്ന കേസുകളില്‍ വിവാഹ നിശ്ചയ സമയത്ത് നല്‍കിയ സമ്മാനങ്ങള്‍ തിരികെ നൽകാൻ ആവശ്യപ്പെടാം. വിവാഹം ഉറപ്പിച്ച ശേഷം വിവാഹം റദ്ദാക്കുകയാണെങ്കില്‍ വിവാഹ നിശ്ചയ സമയത്ത് നൽകിയ, 25,000 ദിർഹത്തിനെക്കാൾ മൂല്യമുള്ള സമ്മാനങ്ങൾ തിരികെ നൽകണം. എന്നാൽ, അപ്പോൾത്തന്നെ ഉപയോഗിച്ചുതീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കിൽ ഇത് ബാധകമല്ല.
വിവാഹക്കരാറിൽ മറ്റ് വ്യവസ്ഥകളില്ലെങ്കിൽ ഭാര്യ ഭർത്താവിനൊപ്പം ഒരു വീട്ടിൽ താമസിക്കണം. ഭര്‍ത്താവ് ഭാര്യയ്ക്കും തന്‍റെ മാതാപിതാക്കള്‍ക്കും മുന്‍ വിവാഹത്തില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കൊപ്പവും ഒരു വീട്ടില്‍ കഴിയാം. എന്നാല്‍ ഇത് ഭാര്യയെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഭാര്യയ്ക്കും ഭര്‍ത്താവിന്‍റെ സമ്മതത്തോടെ തന്‍റെ മുന്‍ വിവാഹ ബന്ധത്തിലെ കുട്ടികളെ കൂടെ താമസിപ്പിക്കാം. വിവാഹ ശേഷം ഒരുമിച്ച് താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥാവകാശം ഭര്‍ത്താവും ഭാര്യയുും പങ്കിടുന്നുണ്ടെങ്കില്‍ ഇതില്‍ ഒരാളുടെ സമ്മതമില്ലെങ്കില്‍ പുറത്തു നിന്നുള്ള വ്യക്തികളെ വീട്ടില്‍ താമസിപ്പിക്കാനാകില്ല. വീടുവിട്ട് പുറത്തു പോകുന്നതോ ജോലിക്ക് പോകുന്നതോ വിവാഹ കരാറിനെ ലംഘിക്കുന്നതല്ല. കുടുംബത്തിന്‍റെ ക്ഷേമത്തിനാകണം പ്രാധാന്യം നല്‍കേണ്ടത്.
Read Also - യുഎഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ
വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായി ഉയർത്തി. നേരത്തേ ആൺകുട്ടികൾക്ക് 11ഉം പെൺകുട്ടികൾക്ക് 15ഉം വയസ്സായിരുന്നു. 15 വയസ്സ് തികഞ്ഞാൽ ആർക്കൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ്സ് തികഞ്ഞവർക്ക് പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്. മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും.
പ്രായപൂർത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം ചെയ്യുക, മാതാപിതാക്കളോടുള്ള കടമകൾ പാലിക്കാതിരിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. 5000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവുമാണ് ശിക്ഷയെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
