കിൻറഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ നിര്‍മ്മിത ബുദ്ധി പഠനം നിര്‍ബന്ധമാക്കാനാണ് യുഎഇയുടെ തീരുമാനം.
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്‍റെ എല്ലാ മേഖലയിലും നിര്‍മ്മിത ബുദ്ധി പഠനം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം. കിൻറഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പഠനം അവതരിപ്പിക്കാനാണ് തീരുമാനം.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ ഭാവി തലമുറയെ സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വരുംതലമുറയെ ഒരു വ്യത്യസ്ത ഭാവിയിലേക്കും പുതിയ ലോകത്തിലേക്കും നൂതന കഴിവുകള്‍ക്കുമായി ഒരുക്കാനുമുള്ള ലോക മുന്നൊരുക്കങ്ങള്‍ നടത്താനുള്ള യുഎഇയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ നിര്‍മ്മിത ബുദ്ധി ഒരു പാഠ്യ വിഷയമായി ഉൾപ്പെടുത്തിയതെന്ന് ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടില്‍ കുറിച്ചു. യുഎഇയിലെ എല്ലാ വിദ്യാഭ്യാസ മേഖലകളിലും, കിൻറര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെ എഐ പഠനം നിര്‍ബന്ധമാക്കും.
Read Also - മലയാളി പുലിയാണ്! നാട്ടിലിരുന്ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് ഗ്രാൻഡ് പ്രൈസ്, നേടിയത് 57 കോടി രൂപ
സാങ്കേതികമായി എഐയെ കുറിച്ച് ആഴത്തിലുള്ള ധാരണ കുട്ടികളെ പഠിപ്പിക്കുക, അതോടൊപ്പം ഈ പുതിയ സാങ്കേതികവിദ്യയുടെ ധാർമ്മിക വശങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക, അതിന്റെ ഡാറ്റ, അൽഗോരിതം, ആപ്ലിക്കേഷനുകൾ, അപകടസാധ്യതകൾ, സമൂഹവുമായും ജീവിതവുമായും ഉള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ കഴിഞ്ഞ ആഴ്ച എഐ അക്കാദമി ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു.

