അബുദാബി: സ്വന്തം അമ്മയുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് അവശനിലയിലായ കുഞ്ഞിനെ, ചികിത്സകള്‍ക്ക് ശേഷം അധികൃതര്‍ അച്ഛന് കൈമാറി. കഴിഞ്ഞ ദിവസമാണ് സ്വന്തം കുഞ്ഞിനെ ഒരു യുവതി ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ തന്നെ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്തായിരുന്നു അബുദാബി പൊലീസിന്റെ നടപടി. 

നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെടുന്നതും കാലില്‍ പിടിച്ചുവലിച്ച് സ്റ്റെപ്പുകളിലൂടെ വലിച്ചിഴക്കുന്നതുമാണുള്ളത്. കുട്ടി വലിയ ശബ്ദത്തില്‍ കയരുന്നതും കേള്‍ക്കാം. യുവതിയുടെ ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് മനസിലായത്. അറസ്റ്റിലായ ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

കുഞ്ഞിന് ആവശ്യമായ ചികിത്സയം മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെയുള്ള പരിചരണവും ലഭ്യമാക്കിയ ശേഷം പൊലീസ് സംഘം അച്ഛന് കൈമാറുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ സംരക്ഷാവകാശം അച്ഛന് തന്നെയായിരിക്കുമോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കുട്ടികളെ ഉപദ്രവിക്കുന്നവരോടും അവരോട് മോശമായി പെരുമാറുന്നവരോടും ഒരുതരത്തിലുമുള്ള കാരുണ്യവും കാണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങള്‍ തടയാന്‍ യുഎഇ നിയമപ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കുട്ടി പിറന്നുവീഴുന്ന സമയം മുതല്‍ കൗമാരപ്രായം വരെയുള്ള അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുഎഇയില്‍ അതിശക്തമായ നിയമങ്ങളുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.