ലണ്ടനിൽ സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

ദുബൈ: ലണ്ടനിൽ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ലണ്ടനിൽ സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊതുയിടങ്ങളിലെത്തിയ ദുബൈ ഭരണാധികാരിയുടെ ചിത്രങ്ങൾ ലണ്ടനിലെ താമസക്കാരാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

പങ്കുവെക്കപ്പെട്ട ഒരു വീഡിയോയിൽ ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജിലുള്ള ഒരു കെട്ടിടത്തിന്റെ ലോബിയിലേക്ക് പ്രവേശിക്കുന്ന ശൈഖ് മുഹമ്മദിനെ കാണാൻ കഴിയും. ഇന്നലെ ലണ്ടനിലെ സ്ട്രീറ്റുകളിലൂടെ ശൈഖ് മുഹമ്മദ് പോകുന്നതിന്റെ വീഡിയോ നിരവധി പേർ പങ്കുവെച്ചിരുന്നു. ലണ്ടനിലെ തിരക്കേറിയ ട്രാഫിക്കിനിടയിൽ കാറിനുള്ളിൽ ഇരിക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ നീൽറുസ്ഗർ എന്നയാൾ പങ്കുവെച്ചിരുന്നു. ഇയാൾ ട്രാഫിക് സി​ഗ്നലിനായി കാത്തുനിൽക്കുമ്പോൾ തൊട്ടപ്പുറത്തുള്ള കാറിൽ ശൈഖ് മുഹമ്മദ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

വീഡിയോയിൽ ദുബൈ ഭരണാധികാരിക്ക് നീൽറുസ്ഗർ ഇരുകൈകളും വീശിക്കാണിക്കുന്നതും കാണാൻ കഴിയും. `സി​ഗ്നലിനായി കാത്തുനിൽക്കുമ്പോൾ ദുബൈ ഭരണാധികാരിയുമായി ഒരു കുശലാന്വേഷണം' എന്ന തലക്കെട്ടോടെയാണ് നീൽറുസ്ഗർ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. യുഎഇയിലെ രാജകുടുംബാം​ഗങ്ങളെ നിരവധി തവണ ലണ്ടനിലെയും സ്കോട്ട്ലന്റിലെയും പൊതു ഇടങ്ങളിൽ കാണാറുണ്ട്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നതും പതിവാണ്.