ദുബൈ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 

ദുബൈ: മയക്കുമരുന്നുമായി (narcotics) യുഎഇയില്‍ (UAE) പ്രവേശിക്കാനെത്തിയ വിദേശിക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും (Deporting) കോടതി ഉത്തരവില്‍ പറയുന്നു. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തുനിന്ന് എത്തിയ പ്രതിയുടെ കൈവശം. 4.900 കിലോഗ്രാം കൊക്കൈനാണ് (cocaine) ഉണ്ടായിരുന്നത്. 

ഇക്കഴിഞ്ഞ ജനുവരിയിലാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍വെച്ച് പ്രതി പിടിയിലായത്. സാധാരണയില്‍ കവിഞ്ഞ എണ്ണം ബാഗുകള്‍ ഇയാളുടെ ലഗേജില്‍ കണ്ടെത്തിയതോടെയാണ് സംശയം തോന്നിയതെന്ന് ദുബൈ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ മൊഴി നല്‍കി. തുടര്‍ന്ന് ലഗേജ് പരിശോധിച്ചപ്പോഴാണ് കൊക്കെയ്‍ന്‍ കണ്ടെത്തിയത്. സന്ദര്‍‌ശക വിസയിലാണ് ഇയാള്‍ ദുബൈയില്‍ എത്തിയിരുന്നതെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

പിടിച്ചെടുത്ത സാധനങ്ങള്‍ തന്റേതല്ലായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. നാട്ടില്‍ നിന്ന് ഒരാള്‍ മൂന്ന് ബാഗുകള്‍ തന്നയച്ചുവെന്നും അത് ദുബൈയിലുള്ള മറ്റൊരാളിന് കൈമാറാനാണ് നിര്‍ദേശിച്ചിരുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. ഇതിന് പ്രതിഫലമായി തനിക്ക് 55,000 ദിര്‍ഹത്തിന് തുല്യമായ തുക തന്നുവെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ ആദ്യം പ്രാഥമിക കോടതി പുറപ്പെടുവിച്ച അതേ വിധി, അപ്പീല്‍ കോടതിയും ശരിവെയ്‍ക്കുകയായിരുന്നു.