Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴ

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയായി നല്‍കേണ്ടി വരുമെന്നും ദുബായ് പൊലീസിന്‍റെ അല്‍അമീന്‍ സര്‍വ്വീസ്

uae will punish  with dh1 million  for  Spreading fake news and rumors
Author
UAE - Dubai - United Arab Emirates, First Published Oct 14, 2018, 11:21 AM IST

ദുബായ്: യുഎഇയുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ദുബായ് പൊലീസ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയായി നല്‍കേണ്ടി വരുമെന്നും ദുബായ് പൊലീസിന്‍റെ അല്‍അമീന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ജമാല്‍ അഹമ്മദ് വ്യക്തമാക്കി. 

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍  സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെ കൂട്ടാനാണ് ചില ഗ്രൂപ്പുകളും  ചില വ്യക്തികളും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വഴി ആഗോളതലത്തില്‍ യുഎഇയുടെ യശസ്സ് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കാന്‍സറിന് വരെ കാരണമായേക്കാവുന്ന പദാര്‍ത്ഥങ്ങളടങ്ങിയ ഭക്ഷണം രാജ്യത്ത് ലഭ്യമാണെന്ന തരത്തിലുള്ള അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അബുദാബി, ദുബായ് വിമാനത്താവളങ്ങളില്‍ ഹൂതി മിലിഷ്യയുടെ സമരെ നടക്കുന്നുണ്ടെന്നും,ദുബായ് ഒരു പ്രേത നഗരമാണെന്നും വരെയുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. 

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പോകുന്നവരെ പിന്തുടരാന്‍ യുഎഇ റോബോട്ടുകളെ ഉപയോഗിക്കുന്നു. 2015 ല്‍ പുതുവത്സരരാവില്‍ ദുബായിലെ ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ ഉണ്ടായ അഗ്നിബാധയ്ക്ക് പിന്നില്‍ ഹൂതികളാണ്, തുടങ്ങിയവയും ഇതില്‍ ചിലതാണ്. ഒരു വാര്‍ത്തയോ സന്ദേശമോ പങ്കുവയ്ക്കുമ്പോള്‍ അത് രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്ന് കൂടി ആലോചിക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന വാര്‍ത്തകളുടെ ആധികാരികത മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ യുവ തലമുറയെ പ്രാപ്തരാക്കുന്നതില്‍ കുടുംബത്തിനും അധ്യാപകര്‍ക്കും പ്രധാന പങ്കുവഹിക്കാനാകും. രാജ്യത്തിന്‍റെ യശസ്സ് തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തെ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ പ്രതിരോധിക്കാനാകൂ. 

ആധികാരികതയില്‍ സംശയം തോനുന്ന വാര്‍ത്തകളെയേ സന്ദേശങ്ങളെയോ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ അധികൃതര്‍ക്ക് കൈമാറണം. 
സര്‍ക്കാര്‍ ഓഫീസുകള്‍, പൊലീസ്, മറ്റ് സര്‍ക്കാര്‍ അഥോറിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്താ മാധ്യമങ്ങള്‍ മാത്രം വാര്‍ത്താ സ്രോതസ്സായി ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ചര്‍ച്ചയില്‍ അല്‍അമീന്‍ സര്‍വ്വീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios