തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.  

അബുദാബി: യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 

2016 മാര്‍ച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനില്‍ 287.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും സെന്റര്‍ അറിയിച്ചു. അതിശക്തമായ മഴയാണ് യുഎഇയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.

Read Also -  കനത്ത മഴ; 17 വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണം, പ്രധാന അറിയിപ്പുമായി ദുബൈ വിമാനത്താവളം

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായി. റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരണപ്പെട്ടു. എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി​. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്​. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ കാരണം റദ്ദാക്കി. ദുബൈ മെട്രോ, ബസ്​, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്