ദുബായ്: ലഹരി മരുന്ന്, തോക്കുകള്‍ എന്നിവ കള്ളക്കടത്ത് നടത്തിയ കേസുകളില്‍ യുകെ പൊലീസ് അന്വേഷിച്ചിരുന്ന കൊടുംകുറ്റവാളി ദുബായില്‍ അറസ്റ്റില്‍. 'കോളിന്‍ ഗണ്‍' എന്ന പേരില്‍ ബ്രിട്ടനില്‍ കുപ്രസിദ്ധി നേടിയ ഗുണ്ടാ സംഘത്തിന്റെ തലവനായ ക്രെയ്ഗ് മാര്‍ട്ടിന്‍ മോറന്‍ ആണ് അറസ്റ്റിലായതെന്ന് ദുബായ് പൊലീസ് മേധാവി ലെഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മെര്‍റി പറഞ്ഞു.

ആയുധങ്ങള്‍, ലഹരിമരുന്ന് എന്നിവ കള്ളക്കടത്ത് നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദുബായ് പൊലീസ് മേധാവി പറഞ്ഞു. ക്രെയ്ഗിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വീട് വിട്ടിറങ്ങുമ്പോള്‍ കാറിനകത്ത് വെച്ചാണ് 38കാരനായ പ്രതിയെ പിടികൂടിയത്.  ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പതിനാറാം വയസ്സിലാണ് ക്രെയ്ഗ് ആദ്യമായി ജയിലിലാകുന്നത്. നോട്ടിംഗ്ഹാണില്‍ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി ഒരു ജുവലറിയില്‍ കവര്‍ച്ച നടത്തിയ കേസിലായിരുന്നു ഇയാള്‍ 13 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത്. തുടര്‍ന്ന് വിവിധ കേസുകളിലായി പല തവണ ജയിലിലായി.

ബ്രിട്ടന് കൈമാറുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രതിയെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് മുമ്പില്‍ ഹാജരാക്കും. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡാറ്റ അനാലിസിസ് സെന്റര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്രെയ്ഗിനെ പിടികൂടിയതെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍മന്‍സൂരി അറിയിച്ചു.