ഇസ്രായേൽ നടത്തിയ വ്യോമാക്രമണ സമയത്ത് ഖത്തറിന് മുകളിൽ പറന്ന ബ്രിട്ടീഷ് വിമാനത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. 

ദോഹ: ഇസ്രയേൽ ആക്രമണം നടന്ന സമയത്ത് ദോഹയുടെ ആകാശത്ത് കൂടി യുകെയുടെ സൈനിക വിമാനം പറന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങൾ നിഷേധിച്ച് അധികൃതര്‍. ദോഹയുടെ ആകാശത്തിലൂടെ ബ്രിട്ടിഷ് റോയൽ എയർ ഫോഴ്സ് (ആർഎഎഫ്) വിമാനങ്ങൾ പറന്നതും ഇസ്രയേൽ ആക്രമണവും തമ്മിൽ ബന്ധമില്ലെന്ന് ദോഹയിലെ ബ്രിട്ടിഷ് എംബസി വ്യക്തമാക്കി. തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണ സമയത്ത് ഖത്തറിന് മുകളിൽ പറന്ന ബ്രിട്ടീഷ് വിമാനം യുകെ-ഖത്തർ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്തതാണെന്ന് അധികൃതര്‍വെളിപ്പെടുത്തി.

ഖത്തരി അമീരി വ്യോമസേനയുമായി ചേർന്നുള്ള സംയുക്ത പരിശീലനത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ 9ന് ദോഹയുടെ ആകാശത്ത് കൂടി യുകെയുടെ സൈനിക വിമാനം പറന്നതെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഇസ്രയേൽ നടത്തിയ ആക്രമണവുമായി യുകെയ്ക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ സ്ഥിരീകരിച്ചു.ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിലും ശക്തമായി അപലപിക്കുന്നുവെന്നും എംബസി വ്യക്തമാക്കി.ഖത്തറിനൊപ്പമാണെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഹമാസ് നേതാവായ ഖലീൽ അൽ ഹയ്യായുടെ മകൻ ഹുമം, അദ്ദേഹത്തിന്റെ ഓഫിസ് ഡയറക്ടർ ജിഹാദ് ലബദ്, അംഗരക്ഷകരായ അഹമ്മദ് മംലൂക്ക്, അബ്ദുല്ല അബ്ദുൽവാഹിദ്, മുമെൻ ഹസ്സൂൻ എന്നിവരാണ് കൊല്ലപ്പെട്ട ഹമാസ് പ്രവർത്തകർ. ഖത്തർ സൈനികൻ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസാരിയും കൊല്ലപ്പെട്ടു. 

Scroll to load tweet…