ലണ്ടന്‍: ഗള്‍ഫ് മേഖലയിലേക്ക് മൂന്നാമതൊരു യുദ്ധക്കപ്പല്‍ കൂടി അയക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് ഇറാനുമായി മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതുകൊണ്ടല്ലന്നും ബ്രിട്ടന്‍ വിശദീകരിക്കുന്നു. സെപ്തംബര്‍ പകുതിയോടെ മൂന്നാമത്തെ യുദ്ധക്കപ്പല്‍ ഗള്‍ഫ് മേഖലയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ബ്രിട്ടന്റെ എച്ച്എംഎസ് മോണ്ട്‍റോസ് എന്ന യുദ്ധക്കപ്പല്‍ മേഖലയിലെ ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ട്. ഈ കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ബഹ്റൈനിലേക്ക് പോകും. എച്ച്എംഎസ് ഡങ്കന്‍ എന്ന യുദ്ധക്കപ്പല്‍ ഗള്‍ഫ് മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. സെപ്തംബര്‍ പകുതിയോടെ മറ്റൊരു യുദ്ധക്കപ്പലായ എച്ച്എംഎസ് കെന്റും ഗള്‍ഫിലെത്തും. നേരത്തെ തീരുമാനിച്ചപ്രകാരമുള്ള ഈ നീക്കങ്ങള്‍ ഏതെങ്കിലും സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അല്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇറാന്‍ അതിര്‍ത്തിക്ക് സമീപം ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമം നടന്നപ്പോള്‍ എച്ച്എംഎസ് മോണ്ട്റോസാണ് പ്രതിരോധിച്ചത്. കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത് ഇറാന്‍ സേനയാണെന്ന് അമേരിക്കയും ബ്രിട്ടിനും ആരോപിച്ചിരുന്നു. നേരത്തെ യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഇറാനിയന്‍ കപ്പല്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയിരുന്നു. ജിബ്രാള്‍ട്ടറില്‍ വെച്ചാണ് ദി ഗ്രേസ് വണ്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. സിറിയയിലെ റിഫൈനറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ക്രൂഡ് ഓയിലാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രത്യാഘാതങ്ങള്‍ ബ്രിട്ടന്‍ നേരിടേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സിറിയയിലേക്ക് പോകില്ലെങ്കില്‍ കപ്പല്‍ വിട്ടുനല്‍കാമെന്ന നിലപാടാണ് ബ്രിട്ടന്‍ സ്വീകരിച്ചത്.