മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകര്‍ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചുപോകാത്തതിന് ഉംറ സര്‍വ്വീസ് കമ്പനികള്‍ക്ക് 60 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി. 300ലേറെ ഉംറ സര്‍വ്വീസ് കമ്പനികള്‍ക്കാണ് പിഴ ചുമത്തിയിട്ടുള്ളതെന്ന് അറബിക് ദിനപ്പത്രമായ 'ഒക്കാസി'നെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പിഴയടയ്ക്കാന്‍ ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ സര്‍വ്വീസ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. പിഴയടയ്ക്കാത്ത സര്‍വ്വീസ് കമ്പനികള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകര്‍ വിസാ കാലാവധി അവസാനിച്ചിട്ടും നാട്ടിലേക്ക് മടങ്ങാത്ത വിവരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാന്‍ കാലതാമസം വരുത്തിയതിനാണ് തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന്റെ ചുമതല വഹിച്ച സര്‍വ്വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. വിസാ കാലാവധിക്കുള്ളില്‍ സ്വദേശത്തേക്ക് മടങ്ങാത്ത ഓരോ തീര്‍ത്ഥാടകനും 25,000 റിയാല്‍ എന്ന തോതിലാണ് സര്‍വ്വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തിയിട്ടുള്ളത്.