റിയാദ്: ഉംറ വിസയിലെത്തുന്ന തീർത്ഥാടകർക്ക്  ഇനി മുതൽ സൗദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. പുതിയ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. തീർത്ഥാടകർക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങളിൽ മാത്രം സഞ്ചരിക്കുന്നതിനായിരുന്നു അനുമതിയുണ്ടായിരുന്നത്.

ഈ നഗരങ്ങൾക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതിന് തീർത്ഥാടകർക്ക് ഉണ്ടായിരുന്ന നിലവിലുള്ള വിലക്ക് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നീക്കിയത്.

ഇതോടെ ഉംറ തീർത്ഥാടകർക്ക് രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലേക്കും ഇനി സഞ്ചരിക്കാം. രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്ന തങ്ങളുടെ ബന്ധുക്കളെ കാണാനും രാജ്യത്തെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാനും ഇതിലൂടെ തീർത്ഥാടകർക്ക് അവസരമൊരുങ്ങും.

രാജ്യത്ത് എവിടെ വേണെമെങ്കിലും സന്ദർശിക്കാമെങ്കിലും ഉംറ വിസയിലെത്തുമ്പോൾ പാലിക്കേണ്ട മറ്റു നിബന്ധനകളെല്ലാം അതേപടി തുടരും. വിസ കാലാവധി കഴിഞ്ഞ് രാജ്യത്തു തങ്ങുന്നവർക്ക് പിന്നീട് രാജ്യത്തു പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തും. ഇതിന് സൗകര്യം ചെയ്തു കൊടുക്കുന്നവർക്കും ശിക്ഷ ലഭിക്കും.