Asianet News MalayalamAsianet News Malayalam

'ഈ വെളുത്ത ലോഹപ്പെട്ടിയാണ് എന്റെ ശവപ്പെട്ടി'

പതിറ്റാണ്ടുകള്‍ വിദേശത്ത് ദുരിതം താണ്ടി ഒടുവില്‍ ഒന്നുമില്ലാതെ വീട്ടിലേക്ക് കയറിച്ചെല്ലേണ്ടി വരുന്ന പ്രവാസിയുടെ ഉള്ളുതൊടുന്നൊരു ജീവിതകഥ

undocumented stories of indian migrants in the arab gulf by Rejiman kuttappan to be released on 23rd november
Author
Muscat, First Published Nov 22, 2021, 1:54 PM IST
  • Facebook
  • Twitter
  • Whatsapp

"മണിക്കുട്ടനും അല്‍ത്താഫും അറബ് ഗള്‍ഫിലേക്ക് പോയതും കേരളത്തിലേക്ക് തിരിച്ചുവന്നതും റസിഡന്‍സി, വര്‍ക്ക് പെര്‍മിറ്റ് നിയമം കര്‍ക്കശമാക്കുന്നതിന് മുമ്പായിരുന്നു. 20 വര്‍ഷത്തോളം രേഖകള്‍ ഇല്ലാതെ കഷ്ടപ്പെട്ടയാളും കെണിയില്‍ അകപ്പെട്ടുപോയയാളുമാണ് അപ്പുണ്ണി."

2018 ജൂണില്‍ കൊല്ലത്തിന് സമീപത്തെ ഒരു ഗ്രാമത്തിലെ സര്‍ക്കാരാശുപത്രിയ്ക്ക് മുന്നില്‍ വെച്ച് ഞാന്‍ വീണ്ടും അപ്പുണ്ണിയെ കാണുമ്പോള്‍ അയാള്‍ ക്ഷീണിതനായിരുന്നു. ഷര്‍ട്ട് ഉടഞ്ഞതും വെള്ള മുണ്ട് ശരിയായി അലക്കാതെയും വെളുപ്പിക്കാതെയും മഞ്ഞ നിറമായി തീര്‍ന്നിരുന്നു. മെലിഞ്ഞ അയാളുടെ മീശ മുറിഞ്ഞതായിരുന്നു. കണ്ണുകള്‍ക്ക് പ്രകാശമുണ്ടായിരുന്നില്ല. പക്ഷേ അയാള്‍ 2015 ല്‍ ഞാൻ ഒമാനില്‍ വെച്ചു കണ്ടതിനേക്കാള്‍ ആരോഗ്യവാനായിരുന്നു. വീട്ടില്‍ വേണ്ടപ്പെട്ടവര്‍ക്കൊപ്പം കഴിയുമ്പോള്‍ ആളുകള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടയെയും ഇരിക്കുമല്ലോ അല്ലെ? എന്നാല്‍ അപ്പുണ്ണി അത്ര  സന്തോഷവാനായി കാണപ്പെട്ടില്ല. ഒരു റിപ്പോർട്ടിങ് യാത്രയുടെ ഭാഗമായി ആണ് ഞാന്‍ കൊല്ലത്തേക്ക് പോയത്. അപ്പുണ്ണിയുടെ വീട് കൊല്ലത്തിന് സമീപത്താണെന്ന് എനിക്കറിയാമായിരുന്നു.

2015 ന് ശേഷം ഞാന്‍ അപ്പുണ്ണിയെ കണ്ടിട്ടുണ്ടായിരുന്നില്ല. എന്നിരുന്നാലും ഞങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. അയാള്‍ ഒമാനിലായിരിക്കുമ്പോഴും തിരിച്ച് കേരളത്തില്‍ വന്നിട്ടും ഇടയ്ക്കിടെ ഞങ്ങള്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. ഒമാനില്‍ വെച്ച് ഞാന്‍ ചെയ്തിരുന്ന സഹായങ്ങളില്‍ അയാള്‍ എപ്പോഴും നന്ദിയുള്ളവനായിരുന്നു. ഇടയ്ക്കിടെ അയാള്‍ വിളിച്ച് എന്നോട് ക്ഷേമാന്വേഷണങ്ങള്‍ നടത്താറുണ്ട്.

ഉപചാരപൂര്‍വ്വമുള്ള ആശംസകള്‍ അര്‍പ്പിച്ച ശേഷം അയാള്‍ ഫോണിൽ എന്നോട് ചോദിക്കും ''റെജി ഒരു ജോബ് വിസ കിട്ടാന്‍ എന്നെ സഹായിക്കാമോ?'' എല്ലായ്‌പ്പോഴും ഈ ചോദ്യം ഞാന്‍ അവഗണിക്കും അയാള്‍ വീണ്ടും ഒമാനിലേക്ക് വരാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് ഒമാനിലേക്ക് വീണ്ടും വരാനുള്ള ആഗ്രഹം എന്നെ ഒരിക്കലും അതിശയിപ്പിച്ചിട്ടുമില്ല.

ഞാന്‍ ആശുപത്രിയ്ക്ക് അരികിലേക്ക് എത്തുമ്പോള്‍ ഞാന്‍ അയാളുടെ നമ്പറില്‍ വിളിച്ചു. ഒരു വെള്ള 800 സിസി മാരുതി കാര്‍ എന്റെ അരികില്‍ വന്നു പാര്‍ക്ക് ചെയ്തു. അത് അപ്പുണ്ണി ആയിരുന്നു. അയാള്‍ക്ക് വേണ്ടി ഞാന്‍ സ്വരുക്കൂട്ടിയ പണത്തില്‍ നിന്നും വാങ്ങിയതായിരുന്നു ആ കാര്‍. അതിന്റെ ഇടത് ബമ്പറിലും വാതിലിലും ചെറിയ പോറലുകള്‍ വീണിരുന്നു. കറുത്ത ബമ്പര്‍ ഗാര്‍ഡ് ചാരനിറത്തില്‍ കാണപ്പെട്ടു. ടയറുകള്‍ തേഞ്ഞു തീര്‍ന്നതായിരുന്നു.

അപ്പുണ്ണി കാറില്‍ നിന്നും ഇറങ്ങി. എന്റെ അരികിലേക്ക് വന്നു. അയാള്‍ എന്നെ ആലിംഗനം ചെയ്തു. കേരളത്തില്‍ ആള്‍ക്കാര്‍ തമ്മില്‍ പരസ്പരം അങ്ങിനെയൊന്നും ആലിംഗനം ചെയ്യുക പതിവുള്ളതല്ല. പ്രത്യേകിച്ചും പൊതുസമൂഹത്തിന് മുന്നില്‍. എന്നിരുന്നാലും അപ്പുണ്ണിയും ഞാനും ദീര്‍ഘകാലം അറബ് രാജ്യത്തായിരുന്നപ്പോള്‍ പോലും ആ രാജ്യത്തിന്റെ ഉപചാരങ്ങളും മര്യാദകളും പരസ്പരം ആശംസിക്കാറും ചെയ്യാറുമുണ്ടായിരുന്നു.

ആചാര മര്യാദകളുടെ എല്ലാ രൂപങ്ങളും വന്നത് അറബ് ലോകത്ത് നിന്നുമാണ്. തോളില്‍ കയ്യിടുക, തോളില്‍ ചുംബിക്കുക, തോളോട് തോള്‍ ചേരുക, കൈ കുലുക്കുക, ചുംബിക്കുക, മൂക്ക് മുട്ടിച്ച് ആശംസകൾ അർപ്പിക്കുക കവിളുകൾ തമ്മിൽ മുട്ടിച്ചു ചുംബന ശബ്ദം കേൾപ്പിക്കുക...അങ്ങനെ പലതും...

ഇത്തരം ആശംസകള്‍ക്ക് ശേഷം ആണ് കുടുബാംഗങ്ങളെക്കുറിച്ചും അവരുടെ ആരോഗ്യത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ നടത്തുക.  നേരെ കാര്യത്തിലേക്ക് കടക്കുന്നതും നേരെ ബിസിനസിലേക്ക് പോകുന്നതും മര്യദകേടും പരുഷവുമായി കണക്കാക്കപ്പെടും അറബ് ലോകത്തിൽ. എത് കാലം മുതലാണ് ആശംസകള്‍ ഈ രീതിയില്‍ രൂപപ്പെടുത്തിയതെന്ന് ആര്‍ക്കും അറിയില്ല എന്നതാണ് ഏറെ രസകരം. ഇത് ഈ മേഖലയില്‍ നിന്നുണ്ടായതാണോ അതോ മറ്റേതെങ്കിലും സ്ഥലത്ത് നിന്നും കടം കൊണ്ടതാണോ എന്നും ആര്‍ക്കുമറിയില്ല. എന്തായാലും ഇവയൊക്കെ കാണുന്നതും അനുഭവിക്കുന്നതും മനോഹരമായ കാര്യമാണ്.

അപ്പുണ്ണിയുടെ കാറിന്റെ ബോണറ്റിലായിരുന്നു എന്റെ ബാഗ്. ഞങ്ങള്‍ പരസ്പരം ആശംസ കൈമാറിയ ശേഷം ഞാന്‍ ഒരു തൂവാലയും പായ്ക്കറ്റ് പൊട്ടിക്കാത്ത ഒരു പുതിയ ഹമാം സോപ്പും ഡാഷ്‌ബോര്‍ഡില്‍ കണ്ടത് എന്നില്‍ കൗതുകമുണ്ടാക്കി.

കാറില്‍ കുളിസോപ്പും തോര്‍ത്തും കാറില്‍ കരുതിയിരിക്കുന്നത് എന്തിനാണ് ? ഞാന്‍ ചോദിച്ചു. ' ഞാന്‍ വീട്ടിലല്ല റെജി താമസിക്കുന്നത്. കാറിലാണ് ഉറങ്ങുന്നത്. ഈ വെള്ള ലോഹപ്പെട്ടിയാണ് ഇപ്പോള്‍ എന്റെ വീട്. ഇത് തന്നെയായിരിക്കും എന്റെ ശവക്കല്ലറയും. അയാള്‍ പറഞ്ഞു. എന്നെ ഏറെ ആശങ്കപ്പെടുത്തുന്നതായിരുന്നു കേട്ടത്. സ്വന്തം നാട്ടില്‍ വീട്ടിലല്ല അയാള്‍ കഴിയുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെയെന്ന് ഞാന്‍ ചോദിക്കുന്നതിന് മുമ്പായി ഞങ്ങള്‍ ആദ്യമായി മസ്‌ക്കറ്റില്‍ വെച്ച് കണ്ടപ്പോള്‍ മുതല്‍ അയാള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്റെ ഓര്‍മ്മകളിലേക്ക് ഓടിയെത്തി.

2015ല്‍ അറബിക്കടലിന്റെ തീരത്ത് മസ്‌ക്കറ്റില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്. അന്ന് കടുത്ത നിരാശയില്‍ വീട്ടിലേക്ക് പോകണമെന്ന അദമ്യമായ ആശയിലായിരുന്നു അയാള്‍. അന്ന് അയാള്‍ ധരിച്ചിരുന്നത് ഒരു വെള്ള  ഷർട്ടിൽ ഇളം നീല നിറത്തില്‍ വരകൾ ഉള്ളത്. കീറിയ ഒരു കറുത്ത ജീന്‍സുമായിരുന്നു ധരിച്ചിരുന്നത്. ചെരുപ്പുകള്‍ കൊളുത്തില്ലാത്തതും പഴഞ്ചനുമായിരുന്നു. അത് ധരിച്ച് മണലിലൂടെ ആയാസപ്പെട്ടായിരുന്നു അയാള്‍ നടന്നിരുന്നതെന്നും ഞാന്‍ മനസ്സിലാക്കി. എന്നാല്‍ എല്ലാം നല്ല രീതിയിലാണ് പോകുന്നതെന്ന് നാട്യത്തിലായിരുന്നു അയാള്‍.

''ഈ കടലിന്റെ മറുകരയില്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ റെജി? നടക്കുന്നതിനിടയില്‍ അയാള്‍ അപ്രതീക്ഷിതമായി ചോദിച്ചു. കൊല്ലം. എന്റെ വീട്. എന്റെ മനോഹരമായ വീട്. എല്ലാ സായാഹ്നങ്ങളിലും ഞാന്‍ ഇവിടെ വന്നിരിക്കാറുണ്ട്. എന്റെ വീടിന്റെ മറുതീരത്ത്. വീട്ടിലേക്ക് നീന്തിപ്പോയാലോ എന്നുപോലും ഞാന്‍ ചിന്തിക്കാറുണ്ട്.'' അയാള്‍ പറഞ്ഞു.

വീട്ടിലേക്ക് പോകാനുള്ള നീണ്ട ഒരു നിരാശയായിരുന്നു അയാള്‍ പ്രകടിപ്പിച്ചത്. മകള്‍ക്ക് പത്തു വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അയാള്‍ വീടു വിട്ടു പോന്നത്. 2005ല്‍ അവളെ വിവാഹം കഴിച്ചയച്ചു. മകളുടെ വിവാഹത്തിന് പോലും അയാള്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. അയാള്‍ ശ്രമിക്കുകയും ഇന്ത്യയില്‍ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മടങ്ങിപ്പോകാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെട്ടു. ഇപ്പോള്‍ നാട്ടില്‍ അയാളുടെ സ്വന്തം നഗരത്തില്‍ വെച്ചു കാണുമ്പോള്‍ അപ്പുണ്ണി പറയുന്നു അയാള്‍ വീട്ടിലല്ല താമസിക്കുന്നതെന്ന്.

എന്തുപറ്റി? ഒടുവില്‍ ഞാന്‍ ചോദിച്ചു. ''എന്റെ വീട്ടില്‍ ഞാന്‍ സ്വാഗതം ചെയ്യപ്പെടാതെ കയറിവന്ന അതിഥിയാണ്. 20 വര്‍ഷം ഞാന്‍ എവിടൊക്കെയോ ആയിരുന്നു. ഞാന്‍ ഒളിച്ചോടിയതായിരുന്നില്ല. നേടിയതെല്ലാം വീടിന് വേണ്ടി ചെലവഴിച്ചു. എന്റെ പണത്തിലായിരുന്നു അവര്‍ അതിജീവിച്ചത്. എന്നാല്‍ വേണ്ടപ്പെട്ടവരാല്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഓടി വന്നപ്പോള്‍ ഞാന്‍ വേണ്ടാത്ത അതിഥിയായിട്ടാണ് അവര്‍ക്ക് എന്നെ കാണാന്‍ കഴിയുന്നത്. അതുകൊണ്ട്... ഞാന്‍ വീടു വിട്ടു....
 
മാധ്യമ പ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ രചിച്ച 'അണ്‍ഡോക്യുമെന്റഡ് സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്സ് ഇന്‍ അറബ് ഗള്‍ഫ്' എന്ന പുസ്‍തകത്തിലെ 'ഈ വെള്ള കാര്‍ എന്റെ ശവപ്പെട്ടിയാകും' എന്ന അദ്ധ്യായത്തില്‍ നിന്നുള്ള പ്രധാനഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. കേരളത്തില്‍ നിന്നുള്ള അനേകം പ്രവാസികളുടെ പ്രതിനിധിയായ അപ്പുണ്ണിയുടെ യഥാര്‍ത്ഥ ജീവിതകഥയാണ് ഇതില്‍ പറയുന്നത്.  ഒമാനില്‍ മതിയായ രേഖകളില്ലാതെ അപകടകരമായ സാഹചര്യത്തില്‍ ജീവിച്ച് ഒടുവില്‍ താന്‍ ജീവിക്കാന്‍ ഏറെ കൊതിച്ച വീട്ടിലേക്ക് വെറും കയ്യോടെ മടങ്ങിയ സമ്പൂര്‍ണ്ണ പരാജയമായ അയാളെ അവസാനം കുടുംബത്തിന് തന്നെ വേണ്ടാതായി.  

അറബ് ഗള്‍ഫ് രാജ്യത്ത് സ്വന്തം ജീവിതത്തിന് വേണ്ടി അനധികൃത കുടിയേറ്റക്കാരനായി ജീവിച്ച ഒരാളുടെ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് അപ്പുണ്ണിയുടെ അദ്ധ്യായത്തിലൂടെ അണ്‍ഡോക്യൂമെന്റില്‍ റെജി വരച്ച് കാട്ടുന്നത്. മകളുടെ കല്യാണത്തിന് വ്യാജ പാസ്‍പോർട്ടുമായി ഇന്ത്യയില്‍ വന്നിറങ്ങിയതും വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെട്ട് തിരികെ ഒമാനിലേക്ക് തന്നെ ഇന്ത്യയിൽ നിന്നും നാടുകടത്തപെട്ടതുമടക്കമുള്ള സംഭവങ്ങള്‍ ഈ അധ്യായത്തിൽ വിശദീകരിക്കപ്പെടുന്നു...

അപ്പുണ്ണിയെപ്പോലുള്ള അനേകം മനുഷ്യരുടെ നിരവധി അനുഭവക്കുറിപ്പുകളുടെ ആകെത്തുകയാണ് റജിമോന്‍ കുട്ടപ്പന്റെ 'അണ്‍ഡോക്യുമെന്റഡ് സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്സ് ഇന്‍ അറബ് ഗള്‍ഫ്' എന്ന പുസ്തകം. അറബ് ഗള്‍ഫില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിപ്പോയവരെക്കുറിച്ചും അവര്‍ താണ്ടിയെ ദുരിത കഥയും വായനക്കാരന് മുന്നില്‍ തുറന്നിടുന്ന പുസ്‍തകം നവംബര്‍ 16 ന് പുറത്തിറങ്ങി. ഔദ്യോഗിക പ്രകാശനം നവംബര്‍ 23ന് ഡോ. ശശി തരൂര്‍ നിര്‍വഹിക്കും. 

പെന്‍ഗ്വിന്‍ ആണ് ഈ ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ പ്രസാധകര്‍. ഒരുകൂട്ടം കുടിയേറ്റക്കാരുടെ കഥകള്‍ എന്നതിനപ്പുറം ആകാംക്ഷ ഉദ്വേഗവും ജനിപ്പിക്കുന്നതും ഹൃദയത്തെ പിടിച്ചുലക്കുന്നതുമാണ് അതിലെ അനുഭവ കഥകള്‍. ഇന്ത്യാ - അറബ് കുടിയേറ്റ ഇടനാഴിയില്‍ പുറംലോകം അറിയാതെ പോയ തൊഴിലാളി ചൂഷണവും ദുരന്തങ്ങളും വെളിച്ചത്തു കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ ചരിത്രവും ഒപ്പം ഈ മേഖലയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിമിതിയും സ്വാതന്ത്ര്യവും എഴുത്തില്‍ കാണാം.

കേരളത്തിലെയും ഒമാനിലെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചരിത്രം ഓരോന്നായി മികവോടെ പുസ്തകത്താളുകളില്‍ ഒതുക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ നീണ്ടകാലത്തെ ചരിത്രവും ഇതില്‍ വിഷയമാവുന്നു. പ്രവാസികളുടെ ദുരിതം, തെറ്റിദ്ധാരണകള്‍, അവരുടെ ഗൃഹാതുരത്വം, കുടുംബവുമായി വേര്‍പെടലിന്റെ വിഷാദാത്മകമായ ജീവിതപോരാട്ടവും നിരാശയും സ്വന്തം കുടുംബങ്ങളില്‍ നിന്നും പ്രവാസി നേരിടുന്ന അവഗണനകളുമെല്ലാം പുസ്തകത്തില്‍ വിഷയമാകുന്നു. ഒപ്പം ദുരിത പര്‍വം താണ്ടിയ അനേകം പ്രവാസികുടെ ജീവിത കഥകളും ചിലരുടെയെങ്കിലും രക്ഷപ്പെടലിന്റെ ത്രസിപ്പിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്.

മനുഷ്യക്കടത്തിനിരയാക്കി അടിമജീവിതത്തില്‍ തളച്ചിടപ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും കൊവിഡ് മഹാമാരിയില്‍ തൊഴിലാളിയുടെ ശമ്പള മോഷണവും രോഗങ്ങളും മരണങ്ങളും, നിര്‍ബന്ധപൂര്‍വം തിരിച്ചയക്കപ്പെട്ടവരുടെ തൊഴിലില്ലായ്മയും ദാരിദ്രവുമുണ്ട്. സാഹോദര്യം പുലര്‍ത്തുന്ന പ്രാദേശീക സംസ്‌ക്കാരത്തിലൂടെ ഒമാനി സമൂഹത്തിന്റെ വികസനവും വളര്‍ച്ചയുമെല്ലാം ഒരു മികച്ച പരമ്പര പോലെ കുറിച്ചിട്ടുണ്ട്. പ്രവാസികളെ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ തൊഴിലാളി ചൂഷണത്തിലൂടെ തഴച്ചുവളര്‍ന്നത് എങ്ങിനെയാണെന്ന് രേഖപ്പെടുത്തപ്പെടാതെ പോയതെന്നും പുസ്തകം കാട്ടിത്തരുന്നുണ്ട്.

എഴുത്തുകാരനെക്കുറിച്ച്
പുസ്തകത്തിന്റെ രചയിതാവായ റെജിമോന്‍ കുട്ടപ്പന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ്. 2017 വരെ ഒമാനിലെ ടൈംസ് ഓഫ് ഒമാനിലെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു.  തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ (ടി.ആര്‍.എഫ്.) എ.എഫ്.പി., മിഡില്‍ ഈസ്റ്റ് ഐ, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ദി കാരവാന്‍, വയര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ ന്യുസ് പോര്‍ട്ടലുകള്‍ക്ക് വേണ്ടി എഴുതിയിട്ടുണ്ട്. തൊഴിലാളി കുടിയേറ്റം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന, റോയിട്ടേഴ്‌സ്, എന്‍എഫ്.ഐ. എന്നിവയുടെയെല്ലാം ഫെല്ലോഷിപ് നേടിയിട്ടുണ്ട്,

2018 ല്‍ കേരളത്തിലുണ്ടായ ജലപ്രളയത്തില്‍ ആയിരക്കണക്കിന് പേരുടെ രക്ഷകരായി മാറിയ അനേകം മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങളുടെ സമാഹാരമായ 'റോവിംഗ് ബിറ്റ്വീൻ  റൂഫ്‌ടോപ്‌സ്: ദി ഹീറോയിക് ഫിഷര്‍മെന്‍ ഓഫ് കേരളാ ഫ്‌ളഡ്‌സ്' എന്ന പുസ്‍തകമെഴുതിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios