എല്ലാ ബ്രാഞ്ചുകളിലും സെന്ററുകളിലും സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂണിയന്‍കോപ്

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് ദുബൈയിലെ തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും സെന്ററുകളിലും മാളുകളിലും സ്വദേശിവത്‍കരണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. എല്ലാ രംഗങ്ങളിലും സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനാണ് ഏറ്റവും വലിയ മുന്‍ഗണനയെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം ഫലപ്രാപ്തിയിലെത്തിക്കാനായിസ സ്വദേശികളായ ഏറ്റവും മികച്ച ജീവനക്കാരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയാണ് യൂണിയന്‍കോപിന്റെ ലക്ഷ്യം. യൂണിയന്‍കോപിന്റെ ഉന്നത പദവികളില്‍ സ്വദേശിവത്കരണ നിരക്ക് 72 ശതമാനത്തിലെത്തിയിട്ടുണ്ട്. യോഗ്യരായ സ്വദേശികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‍കരിക്കുകയും ചെയ്യുന്നു.

രാജ്യത്തെ മികവുറ്റ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നും രാജ്യത്തിന്റെയും പൗരന്മാരുടെയും താത്പര്യങ്ങള്‍ക്ക് അനുസൃതമായും അവരുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിന്തുണയേകിയും സ്വദേശിവത്കരണ രംഗത്ത് യൂണിയന്‍കോപ് വലിയ പുരോഗതിയാണ് നേടിയതെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. തൊഴില്‍ വിപണയില്‍ സജീവമാകാനും കഴിവുകള്‍ വികസിപ്പിക്കാനും സ്വദേശി യുവാക്കള്‍ക്ക് പിന്തുണയേകിക്കൊണ്ടാണ് ഇത്തരം നടപടികള്‍. രാജ്യത്ത് മികവിലേക്കും വിജയത്തിലേക്കുമുള്ള സ്വദേശി ജനതയുടെ പാതയില്‍ പിന്തുണയേകാന്‍ യൂണിയന്‍കോപ് സ്വദേശികളെത്തന്നെ കണ്ടെത്തുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ചില്ലറ വ്യാപാര രംഗത്തെ മുന്‍നിരക്കാരെന്ന നിലയില്‍ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ക്കൊപ്പം അതിന്റെ മുന്‍നിരയിലുള്ള തന്ത്രപ്രധാനമായൊരു ലക്ഷ്യമായാണ് സ്വദേശിവത്കരണത്തെ സ്ഥാപനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്കോപിന് കീഴില്‍ 453 സ്വദേശികളാണ് ജോലി ചെയ്യുന്നതെന്നും സിഇഒ വ്യക്തമാക്കി. കേവലം സംഖ്യകള്‍ക്കപ്പുറം മുതിര്‍ന്ന തസ്‍തികകളിലാണ് സ്വദേശികളെ നിയമിച്ചിരിക്കുന്നത്. ഉന്നത പദവികളില്‍ 72 ശതമാനവും സ്വദേശികളാണ്. സ്വദേശിവത്കരണം നടപ്പാക്കുനുള്ള ഏറ്റവും നല്ല വഴി നിര്‍ണായകമായ തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയില്‍ നേതൃപരമായ സ്ഥാനമാണ് ഇപ്പോള്‍ യൂണിയന്‍കോപിനുള്ളത്. സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കുന്നതും വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസൃതമായി കൃത്യമായ മാനദണ്ഡങ്ങളുള്ള ജോലികളുള്ളതും ഇതിന് സഹായകമായി. പ്രവാസി തൊഴിലാളികളെ മാറ്റി നിര്‍ത്തിയാല്‍ സ്വദേശിവ്തകരണം ബാധകമാക്കാവുന്ന തൊഴിലുകള്‍ 37 ശതമാനമാണ്. യോഗ്യരായ സ്വദേശി യുവാക്കളെ യൂണിയന്‍കോപിലേക്ക് ആകര്‍ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളിലുമുള്ള നിരവധി തസ്‍തികകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനുള്ള പരിശ്രമത്തിലാണ് യൂണയന്‍കോപെന്ന് സിഇഒ ചൂണ്ടിക്കാട്ടി. ക്യാഷ്യര്‍, ട്രഷറര്‍, കസ്റ്റമര്‍ സര്‍വീസ് കോര്‍ഡിനേറ്റര്‍, കണ്‍സ്യൂമര്‍ ഹാപ്പിനസ് സര്‍‌വീസ് എന്നിങ്ങനെയുള്ള മേഖലകളിലും സ്വദേശികള്‍ക്ക് അവസരമൊരുക്കുകയാണ്. സ്വദേശികളുടെ തൊഴില്‍ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനായി അവര്‍ക്ക് വിദ്യാഭ്യാസവും പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കുകയും ദുബൈ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സെന്ററുകളിലെ സംയോജിത തൊഴില്‍ മേഖലയില്‍ ആകര്‍ഷകമായ ജോലി സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

സ്വദേശിവത്കരണം ഒരു സുപ്രധാന അടിത്തറയായി കണക്കാക്കുകയും സ്വദേശികളെ ആകര്‍ഷിക്കാനുള്ള നിരവധി പദ്ധതികളിലൂടെ അത് സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയുമാണ് യൂണിയന്‍കോപ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഓപ്പണ്‍ ഡേ റിക്രൂട്ട്മെന്റ്, ഹൈസ്‍കൂള്‍ ഡിപ്ലോമയും ബിരുദവുമുള്ള സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക വഴി സ്വദേശിവത്കരണ തോത് കൂട്ടുക എന്നിവ അതിനായി നടപ്പിലാക്കി. കാലാകാലങ്ങളില്‍ പരിഷ്‍കരിക്കുന്ന സ്വദേശിവത്കരണ നയങ്ങളിലൂടെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ഗൗരവതരമായ പരിശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ പ്രവേശിക്കാനുള്ള പ്രോത്സാഹനമായി സ്വദേശികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


യൂണിയന്‍കോപിലെയോ അതല്ലെങ്കില്‍ മറ്റ് സ്വകാര്യ മേഖലയിലെ കമ്പനികളിലെയോ ജോലികള്‍ക്ക് ആവശ്യമായ നൈപ്യുണ്യം വളര്‍ത്തിയെടുക്കാന്‍ സ്വദേശികളായ തൊഴില്‍ അന്വേഷകര്‍ തയ്യാറാവണമെന്ന് അല്‍ ഫലാസി പറഞ്ഞു. ആത്മവിശ്വാസം വളര്‍ത്തിയെടുത്ത് രാജ്യത്തിന്റെ പേര് ഉന്നതങ്ങളിലെത്തിക്കണം. സ്വകാര്യ മേഖലയിലെ ആവശ്യങ്ങളും മാനദണ്ഡങ്ങളും പൂര്‍ത്തീകരിക്കുന്ന തരത്തില്‍ അവസരങ്ങള്‍ക്കായി എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കണം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള യുവാക്കളുടെ കാഴ്‍ചപ്പാട് മാറേണ്ടതിന്റെ ആവശ്യകതയും ഒപ്പം സ്വകാര്യ മേഖലയിലെ കമ്പനികള്‍ സ്വദേശിവത്കരണ രംഗത്ത് മത്സരബുദ്ധിയോടെ പ്രവര്‍ത്ത് സ്വദേശികള്‍ക്ക് ജോലി അവസരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona