Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.7 കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളും രാവിലെ ഏഴു മണി മുതല്‍ വെളുപ്പിന് 2 മണി വരെ തുറന്നു പ്രവര്‍ത്തിക്കും. തിക്കും തിരക്കും ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

Union Coop gave 1.7 crore dirham to combat covid 19 pandemic
Author
Dubai - United Arab Emirates, First Published Apr 23, 2020, 1:36 PM IST

ദുബായ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി 1.7 കോടി ദിര്‍ഹം നീക്കി വെച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന വിവരം വിദൂര കോണ്‍ഫറന്‍സിലൂടെയാണ് യൂണിയന്‍ കോപ് അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിനായി ഏപ്രില്‍ 22 വരെയുള്ള കാലയളവില്‍ 80,52200 ദിര്‍ഹമാണ് യൂണിയന്‍ കോപ് ചെലവഴിച്ചത്. ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  ചെലവഴിച്ച തുകയ്ക്ക് പുറമെയാണിത്.

ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പൊലീസ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എന്നീ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും യൂണിയന്‍ കോപ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. കൊവിഡ് വ്യാപനം മൂലം ഈ വര്‍ഷം ആദ്യം മുതല്‍ ആഗോള വിപണി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനെയും ഇവയുടെ വിലയെയും ഉള്‍പ്പെടെ ബാധിച്ചിട്ടുണ്ടെന്നും ഈ വെല്ലുവിളിയെ നേരിടാന്‍ നിരവധി തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി അറിയിച്ചു. വിപണി സാധാരണ രീതിയില്‍ തുടരുകയാണെങ്കില്‍ നാലു മുതല്‍ ആറ് മാസം വരെ വേണ്ട ഉപഭോഗവസ്തുക്കള്‍ ഉണ്ടെന്നും വിപണി അടച്ചുപൂട്ടലിലേക്ക് നീങ്ങിയാല്‍ 2 മുതല്‍ 3 മാസം വരെയുള്ള അവശ്യവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമദാന് മുന്നോടിയായി 25000ത്തിലധികം ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുറയ്ക്കുന്നതിനായി 15 കോടി ദിര്‍ഹം അനുവദിച്ചെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. ഏകദേശം 70 കോടി ദിര്‍ഹത്തിന്റെ വില്‍പ്പന റമദാന്‍ മാസത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ കൂടുതല്‍ ആകര്‍ഷകമായ ഷോപ്പിങ് പ്രോഗ്രാമുകള്‍ നടത്താമെന്നുമാണ് യൂണിയന്‍ കോപ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഴ്ച തോറുമുള്ള പര്‍ചേസ് ഒഴിവാക്കി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മാസത്തിലൊരിക്കല്‍ തെരഞ്ഞെടുക്കണമെന്നും അതിലൂടെ യുഎഇ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും പൊതുജനാരോഗ്യവും സുരക്ഷയും പാലിക്കണമെന്നും സിഇഒ പറഞ്ഞു.

Union Coop gave 1.7 crore dirham to combat covid 19 pandemic

റമദാനും ഈദ് ഉല്‍ ഫിത്‌റും പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വിതരണക്കാരുമായി യൂണിയന്‍ കോപ് 50 കോടി ദിര്‍ഹത്തിന്റെ കരാര്‍ ധാരണായിക്കിയിട്ടുണ്ടെന്ന് അല്‍ ഫലസി അറിയിച്ചു. യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളും രാവിലെ ഏഴു മണി മുതല്‍ വെളുപ്പിന് 2 മണി വരെ തുറന്നു പ്രവര്‍ത്തിക്കും. തിക്കും തിരക്കും ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ദിവസേന അഞ്ച് മണിക്കൂറോളം അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്നതിനാല്‍ സമയം പരിമിതപ്പെടുത്തുകയായിരുന്നെന്നും യൂണിയന്‍ കോപ് സിഇഒ പറഞ്ഞു.

വിവിധ ശാഖകളില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയമാണെന്നും ഇത് ശ്രദ്ധിക്കണമെന്നും യൂണിയന്‍ കോപ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ന ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിലയും ഉറപ്പാക്കുന്നതിന് 50തിലധികം രാജ്യങ്ങളിലെ വിതരണക്കാരുമായി യൂണിയന്‍ കോപ് ജീവനക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ മറ്റ് വ്യാപാരികള്‍ക്ക് നല്‍കാനും തയ്യാറാണെന്ന് അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍  ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സാനിറ്റൈസറുകളും കയ്യുറകളും നല്‍കുന്നതിനും ഷോപ്പിങ് കാർട്ടുകൾ അണുവിമുക്തമാക്കുന്നതിന് പുറമെ, സ്റ്റോറുകളിലെ ജനത്തിരക്ക് കുറയ്ക്കാനും സുരക്ഷിത അകലം പാലിക്കാനും ലക്ഷ്യമിട്ട് അവയുടെ എണ്ണം പകുതിയായി കുറച്ചിട്ടുമുണ്ട്. 

ബില്ലിങ് കൗണ്ടറുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനൊപ്പം ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ദിവസേന പരിശോധനകളും കയ്യുറ, മാസ്‌ക് എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിലും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യാമക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന യൂണിയന്‍ കോപ് ജീവനക്കാരെ സിഇഒ അല്‍ ഫലസി പ്രത്യേകം അഭിനന്ദിച്ചു. അതേസമയം യൂണിയന്‍ കോപിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെ ജീവനക്കാരുടെ എണ്ണം 500ല്‍ കൂടുതലാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇ കൊമേഴ്‌സ്, ഡെലിവറി സേവനങ്ങള്‍ , ലോജിസ്റ്റിക് സേവനങ്ങളായ Noon, El Grocer, Dukkaani, Instashop, Masar, ATC, Swan, Dubai Taxi, Infiniti, New Heights, ADCO എന്നിവയില്‍ ഉള്‍പ്പെടുള്ള ജീവനക്കാരുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 155 ഡെലിവറി വാഹനങ്ങളാണുള്ളത്. ഇത് 300 ആയി ഉയര്‍ത്താനും ഇതുവഴി ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനുള്ള ശ്രമവും നടക്കുകയാണെന്നും സിഇഒ അറിയിച്ചു.

റമദാനോടനുബന്ധിച്ച് കടകളിലെ തിരക്ക് ഒഴിവാക്കാന്‍ ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 32,000ത്തോളം ഉള്‍പ്പന്നങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാനുള്ള സൗകര്യവും യൂണിയന്‍ കോപ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ ഫലസി പറഞ്ഞു.

യൂണിയന്‍ കോപിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ ഇ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. 61, 664 പുതിയ ഉപഭോക്താക്കളാണ് യൂണിയന്‍ കോപിന്റെ ഇ ഷോപ്പിങ് സേവനം പുതുതായി ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ 2020 ഏപ്രില്‍ 21 വരെയുള്ള കാലയളവില്‍ ഇത് 38,816 ആയിരുന്നു.  ദിവസേന 125 ഓര്‍ഡറുകള്‍ ലഭിച്ചിരുന്നതില്‍ നിന്ന് ഇപ്പോള്‍ ദിനംപ്രതി 900 ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നും 720 ശതമാനം വളര്‍ച്ചയാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.  

 


 

Follow Us:
Download App:
  • android
  • ios