ദുബൈ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പുതിയ ക്യാമ്പയിനിന് തുടക്കമിട്ട് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. 'ലെറ്റ്‌സ് ബീറ്റ് കൊറോണ വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ബോധവത്കരണ ക്യാമ്പയിന്‍ ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ്, വതാനി അല്‍ എമിറാത് ഫൗണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് യൂണിയന്‍ കോപ് തുടക്കം കുറിച്ചിരിക്കുന്നത്. മഹാമാരിയുടെ അപകടസാധ്യതകള്‍ ജനങ്ങളെ ബോധവത്കരിക്കാനും സമൂഹത്തില്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

മഹാമാരിയെ പ്രതിരോധിക്കുന്നത് ലക്ഷ്യം വെച്ചുള്ള ബോധവത്കരണ പരിപാടികളുടെയും മറ്റ് അനുയോജ്യമായ കാര്യങ്ങളുടെയും നടത്തിപ്പില്‍ കോര്‍പ്പറേഷന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുമെന്ന് ദുബൈ കോര്‍പ്പറേഷന്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ഇ ഖലീഫ അല്‍ഡ്രായ് പറഞ്ഞു. നിലവിലെ കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങള്‍ കണക്കിലെടുത്താണ് കോര്‍പ്പറേഷന്‍ വതാനി അല്‍ എമിറാത് ഫൗണ്ടേഷനുമായി ചേര്‍ന്ന് ഒക്ടോബര്‍ 19 മുതല്‍ 23 വരെയുള്ള കാലയളവില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. അന്താരാഷ്ട്ര പകര്‍ച്ചവ്യാധി പ്രതിരോധ വാരവുമായിരുന്നു ഇത്. യൂണിയന്‍ കോപ്, ലഗൂണ വാട്ടര്‍പാര്‍ക്ക് ആന്‍ഡ് എമിറേറ്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍. 

മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത, സാമൂഹിക അകലം പാലിക്കല്‍, വ്യക്തി ശുചിത്വം, വിദൂര സാമൂഹിക പങ്കാളിത്തം, ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നവരെ അഭിനന്ദിക്കല്‍, ബ്രോഷറുകള്‍, സാമൂഹിക മാധ്യമങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയിലൂടെ കൊവിഡിനെ തടയാനുള്ള പ്രതിരോധ, മുന്‍കരുതല്‍ വിവരങ്ങള്‍ ഏറ്റവും ഫലപ്രദമായും വേഗത്തിലും ആളുകളിലേക്കെത്തിക്കുക തുടങ്ങിയവയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് അല്‍ഡ്രായ് കൂട്ടിച്ചേര്‍ത്തു.

'ലെറ്റ്‌സ് ബീറ്റ് കൊറോണ വൈറസ്' എന്ന ക്യാമ്പയിനിലെ വതാനി അല്‍ എമിറാത് ഫൗണ്ടേഷന്റെ പങ്കാളിത്തം ദേശീയ തലത്തിലുള്ളതാണെന്നും, ഡേ ഫോര്‍ ദുബൈ ഇനിഷ്യേറ്റീവിലെ സന്നദ്ധപ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും വതാനി അല്‍ എമിറാത് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എച്ച് ഇ ധേരാര്‍ ബെല്‍ഹൗള്‍ അല്‍ ഫലസി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചതായും രാജ്യത്തിന്റെ കൊവിഡ് പോരാട്ടത്തിലെ വിവിധ ഇനിഷ്യേറ്റീവുകളെ പിന്തുണയ്ക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. കൊറോണ മാഹാമാരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും വ്യക്തികളെയും കുടുംബത്തെയും അതുവഴി സമൂഹത്തെയും മഹാമാരിയില്‍ നിന്ന് രക്ഷിക്കാനായി പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കുകയുമാണ് ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസും വതാനി അല്‍ എമിറാത് ഫൗണ്ടേഷനും ചേര്‍ന്നുള്ള 'ലെറ്റ്‌സ് ബീറ്റ് കൊറോണവൈറസ്' ക്യാമ്പയിനിന്റെ ഉദ്ദേശ്യമെന്ന് അല്‍ ഫലസി വ്യക്തമാക്കി.

വതാനി അല്‍ എമിറാത് ഫൗണ്ടേഷന്‍, ഇതിന്റെ സന്നദ്ധപ്രവര്‍ത്തകരിലൂടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെത്തി ഒത്തൊരുമയോടെയും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അവരുടെ നിസ്വാര്‍ത്ഥ ശ്രമങ്ങളിലൂടെ നല്ല പൗരന്മാരാകണമെന്ന ആശയം സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമിടയില്‍ കൂടുതല്‍ ശക്തിപ്പെടുത്താനായെന്നും അതിലൂടെ ഐക്യം, പരസ്പര ആശ്രയം എന്നിവ സമൂഹത്തിലെ മറ്റ് അംഗങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞെന്ന് എച്ച് ഇ ധേരാര്‍ ബെല്‍ഹൗള്‍ പറഞ്ഞു.

ഇത്രയും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ കൊവിഡ് മാഹാമിരിയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഇനിഷ്യേറ്റീവുകള്‍ സ്വാഗതാര്‍ഹമാണെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡറക്ടര്‍ ഡോ സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. യൂണിയന്‍ കോപിനെ പോലെ തന്നെ വതാനി അല്‍ എമിറാത് ഫൗണ്ടേഷനും, രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹിക ഉന്നമനത്തിനായുള്ള ഇനിഷ്യേറ്റീവുകളെ പിന്തുണയ്ക്കുകയും ഇതിനായി പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ആശയവിനിയമം നടത്തുകയും ചെയ്യുന്നുണ്ടെന്ന് അല്‍ ബസ്തകി വ്യക്തമാക്കി. കൊറോണവൈറസിനെതിരെ ബോധവത്കരണം നടത്തുക മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തകരിലൂടെ കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളാകുന്നവര്‍ക്കുള്ള കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.

ക്യാമ്പയിനിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ വിജയത്തിനുമായി സന്നദ്ധപ്രവര്‍ത്തകരെയും സംഘാടകര്‍ സജ്ജമാക്കിയിരുന്നു. ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസും വതാനി അല്‍ എമിറാത് ഫൗണ്ടേഷനും പങ്കാളികളുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിലയേറിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബോധവത്കരണ നോട്ടീസുകള്‍, പൊതുജനങ്ങള്‍ക്കുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക, പൊതുസ്ഥലങ്ങളില്‍ പ്രതിരോധ നടപടിക്രമങ്ങള്‍ ഉറപ്പാക്കുക എന്നിവയ്ക്ക് പുറമെയാണിത്.