ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ മൂന്നാമത്തെ മാള്‍- അല്‍ വര്‍ഖ സിറ്റി മാള്‍ പ്രവര്‍ത്തനമാരംഭിച്ചു. 685,112 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാള്‍ 34.70 കോടിയിലധികം ദിര്‍ഹം മുതല്‍മുടക്കിയാണ് പണി കഴിപ്പിച്ചത്. ഓരോ ചതുരശ്ര അടിയ്ക്കും 373 ദിര്‍ഹം ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. അല്‍ ബര്‍ഷ മാളിനും എത്തിഹാദ് മാളിനും ശേഷം യൂണിയന്‍ കോപ് തുടങ്ങുന്ന മൂന്നാമത്തെ മാളാണ് അല്‍ വര്‍ഖ സിറ്റി മാള്‍. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ സമൂഹത്തിനും ഓഹരി ഉടമകള്‍ക്കും കൂടുതല്‍ സേവനങ്ങള്‍ എത്തിച്ചു നല്‍കുകയും സവിശേഷമായ ഷോപ്പിങ് അനുഭവം സാധ്യമാക്കുകയും ചെയ്യുകയെന്ന യൂണിയന്‍ കോപിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ മാള്‍ നിര്‍മ്മിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം നല്‍കുന്നതിനൊപ്പം സുരക്ഷിതത്വവും പുതിയ മാളില്‍ ഉറപ്പാക്കിയിട്ടുണ്ട്. 

അല്‍ വര്‍ഖ സിറ്റി മാളിന്റെ ഉദ്ഘാടന ചടങ്ങിലെ വാര്‍ത്താ സമ്മേളനത്തിലാണ് മാളിന്റെ പ്രവര്‍ത്തനം ആരംഭിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി, ഡിവിഷന്‍ ആന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്‌സ് ഡയറക്ടര്‍മാര്‍, സെക്ഷന്‍ മാനേജര്‍മാര്‍, യൂണിയന്‍ കോപിലെ മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സ്ഥായിയായ ദേശീയ സമ്പദ്ഘടനയ്ക്ക് വേണ്ടി സംഭാവനകള്‍ നല്‍കുക എന്നതാണ്, പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കി രാജ്യത്ത് ഭക്ഷ്യസുരക്ഷാ സംവിധാനം ഒരുക്കണമെന്ന ഭരണനേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണിതെന്നനും യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ട്രാറ്റജിക് കമ്മോഡിറ്റി ഇന്‍വെന്ററി സ്‌റ്റോക്ക് 20 ശതമാനം ഉയര്‍ത്തുന്നതിന് സഹായകമാണെന്ന്, വിലനിലവാരം ഉറപ്പുവരുത്തി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും ഉപഭോക്താക്കളുടെ സന്തോഷം പരിഗണിക്കുന്നതിനും യൂണിയന്‍ കോപ് പുലര്‍ത്തുന്ന സമര്‍പ്പണം ചൂണ്ടിക്കാട്ടി യൂണിയന്‍ കോപ് സിഇഒ പറഞ്ഞു.

വര്‍ഖ, മിര്‍ദിഫ് ഏരിയകളിലെ താമസക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സേവനങ്ങള്‍ ലഭിക്കുന്ന, അല്‍ വര്‍ഖ 3 ഏരിയയില്‍ സ്ഥിതി ചെയ്യുന്നു എന്നുള്ളതാണ് മാളിന്റെ സവിശേഷത. ഇതിന് പുറമെ സമീപപ്രദേശങ്ങളിലുള്ള വലിയ വിഭാഗം ആളുകള്‍ക്കും ഇവിടെ നിന്നും സേവനങ്ങള്‍ ലഭിക്കും. ദുബൈ-എമിറേറ്റ്‌സ് റോഡിലെ സുപ്രധാ സ്ഥലമായ ട്രിപ്പൊളി സ്ട്രീറ്റിലേക്ക്  191.26 മീറ്റര്‍ നീളുന്നതാണ് മാളിന്റെ മുന്‍വശം. അഞ്ചു നിലകളിലായുള്ള കെട്ടിടത്തില്‍ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍, ഓഫീസ് ഫ്‌ലോറുകള്‍ എന്നിവയാണുള്ളത്. 28 സെയില്‍ പോയിന്റുകളും രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളില്‍ ഒരുക്കിയിട്ടുണ്ട്.

ഗ്രൗണ്ട് ഫ്‌ലോറിലും ഒന്നാം നിലയിലുമായി 42 ഷോപ്പുകളാണ് മാളിലുള്ളത്. ഇതില്‍ 26 എണ്ണം ഗ്രൗണ്ട് ഫ്‌ലോറിലും 16 സ്‌റ്റോറുകള്‍ ഫസ്റ്റ് ഫ്‌ലോറിലുമാണുള്ളത്. ഇതിന് പുറമെ ഗ്രൗണ്ട്, ഫസ്റ്റ് ഫ്‌ലോറുകളിലായി 11 കൊമേഴ്‌സ്യല്‍ കിയോസ്‌കുകളുമുണ്ട്. 90 ശതമാനത്തോളം അതായത് 37 ഷോപ്പുകള്‍ ഇതിനോടകം തന്നെ വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് അല്‍ ഫലസി പറഞ്ഞു. ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ഫാര്‍മസികള്‍, റെസ്റ്റോറന്റുകള്‍, പേസ്ട്രി ഷോപ്പുകള്‍, ആഭരണശാലകള്‍, പെര്‍ഫ്യൂം ഷോപ്പുകള്‍, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള തയ്യല്‍ കടകള്‍, പൂക്കടകള്‍, ഒപ്റ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ് വസ്തുക്കള്‍, ബ്യൂട്ടി സലൂണുകള്‍, ഇലക്ട്രോണിക് ഗെയിം സ്‌റ്റോറുകള്‍ എന്നിങ്ങനെ വിപുലമായ ഷോപ്പുകളാണ് മാളിലുള്ളത്.

10 കിയോസ്‌കുകളാണ് വാടകയ്ക്ക് നല്‍കിയിട്ടുള്ളതെന്ന് യൂണിയിന്‍ കോപ് സിഇഒ പറഞ്ഞു. മൊബൈല്‍ സര്‍വീസുകള്‍, പൂക്കള്‍, പെര്‍ഫ്യൂമുകള്‍, ഭക്ഷ്യവസ്തുക്കള്‍, മധുരപലഹാരങ്ങള്‍, ആക്‌സസറീസ് എന്നിങ്ങനെയുള്ളവയാണ് കിയോസ്‌കുകളിലുള്ളത്. ഇവയ്ക്ക്് 69,391 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കിയോസ്‌കുകളുള്‍പ്പെടെ ആകെ വാടകയ്ക്ക് നല്‍കിയ ഏരിയയുടെ വിസ്തീര്‍ണം 63,000 ചതുരശ്ര അടിയാണ്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായ 1000 പാര്‍ക്കിങ് ലോട്ടുകളാണുള്ളത്. ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്‌ലോറിലുമായി 300,000 ചതുരശ്ര അടിയിലാണ് ഈ പാര്‍ക്കിങ് ഏരിയയുള്ളത്. കൊമേഴ്‌സ്യല്‍ സെന്ററിന്റെ ആകെ ഏരിയയില്‍ 43 ശതമാനമാണിത്. നാല് എന്‍ട്രന്‍സുകളും എക്‌സിറ്റുകളുമാണ് കൊമേഴ്‌സ്യല്‍ സെന്ററിലുള്ളത്. ഗ്രൗണ്ട് ഫ്‌ലോറിലും ഒന്നാം നിലയിലുമായി കാല്‍നടയാത്രക്കാര്‍ക്കായി എട്ട് എന്‍ട്രന്‍സുകളുമുണ്ട്. 685,000ത്തിലധികം ചതുരശ്ര അടിയിലുള്ള കെട്ടിടം, യൂണിയന്‍ കോപിന്റെ ശാഖകളുടെയും കേന്ദ്രങ്ങളുടെയും 28.50 ശതമാനം ഏരിയയിലാണുള്ളത്. 2.412 ദശലക്ഷം ചതുരശ്ര അടിയിലുള്ള ഷോപ്പ് ഏരിയ  കെട്ടിടത്തിന്റെ  ആകെ 10.66 ശതമാനമുണ്ട്. 143,353 ചതുരശ്ര അടിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ഏരിയ കെട്ടിടത്തിന്റെ ആകെ 21 ശതമാനമുണ്ട്. യൂണിയന്‍ കോപ് ശാഖകളുടെ 20 ശതമാനമെന്നത് 704,504 ചതുരശ്ര അടി വരും.

മാളിലെ യൂണിയന്‍ കോപ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 48,000ത്തിലധികം ഭക്ഷ്യ,ഭക്ഷ്യേതര വസ്തുക്കളാണുള്ളത്. ഇവിടെ 161ലധികം ഭക്ഷ്യ- ഭക്ഷ്യതേര വിഭാഗങ്ങളുമുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്‍ഡുകള്‍, റെസ്റ്റോറന്റുകള്‍, മെഡിക്കല്‍ സെന്ററുകള്‍, ഫാര്‍മസി, ആഭരണശാലകള്‍ എന്നിവ ഉള്‍പ്പെടെ വ്യത്യസ്തമായ നിരവധി കടകളും മാളിനുള്ളിലുണ്ടെന്ന് അദ്ദേഹം വിശദമാക്കി.