ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്,  സ്‍മരണദിനാചരണം സംഘടിപ്പിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദര സൂചകമായി യൂണിയന്‍ കോപ്പിന്റെ 19 ശാഖകളിലും മാളുകളിലും ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടി.

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഊര്‍ജം നിറഞ്ഞ പുതിയ ചിന്തകളാണ് സ്‍മരണദിനം നല്‍കുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും സ്‍നേഹവും ത്യാഗവുമൊക്കെയാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും കാത്തുസൂക്ഷിക്കാനും ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുവാനും നേര്‍വഴിയില്‍ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ജീവന്‍ നഷ്‍ടമായ രക്ഷസാക്ഷികളുടെ ത്യാഗത്തിന് മുന്നില്‍ രാഷ്‍ട്ര നേതാക്കളും ജനങ്ങളും അഭിമാനം കൊള്ളുന്ന ദിനം കൂടിയാണിത്. 

രക്തസാക്ഷികളുടെ ത്യാഗത്തിന്റെ ഓര്‍മകള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എക്കാലവും ആലേഖനം ചെയ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തില്‍ നിലകൊള്ളുന്ന യൂണിയന്‍ കോപ്, ദേശീയ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അഖണ്ഡതയുടെ പവിത്രമായ പശ്ചാത്തലത്തില്‍ കൂടിയാണിത്. രക്തസാക്ഷികളുടെ സ്‍മരണകളില്‍ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും എപ്പോഴുമുണ്ടാകും. പ്രവാചകന്മാര്‍ക്കും അവരുടെ അനുചരന്മാര്‍ക്കുമൊപ്പം സ്വര്‍ഗത്തില്‍ ഇടം നേടുന്ന രക്തസാക്ഷികളുടെ ഓര്‍മകള്‍, തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഒപ്പമുണ്ടാരുമെന്നും അദ്ദേഹം പറഞ്ഞു.