ദുബായ്: അല്‍ വര്‍ഖ സിറ്റി മാള്‍ പ്രോജക്ട് 92 ശതമാനം പൂര്‍ത്തിയായതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്‍റെ ഇന്‍വെസ്റ്റ്‌മെന്‍റ് ഡിവിഷന്‍ വെളിപ്പെടുത്തി. ഏകദേശം 21.5 കോടി ദിര്‍ഹം നിര്‍മ്മാണ ചെലവ് കണക്കാക്കുന്ന അല്‍ വര്‍ഖ പ്രോജക്ടിലൂടെ ചരക്ക് സംഭരണം 20 ശതമാനം വരെ വര്‍ധിക്കുമെന്നാണ് കരുതുന്നത്. യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുന്നതിനും സമൂഹത്തിലെ കൂടുതല്‍ ആളുകളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതിനും പുറമെ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിന്‍റെയും ഭാഗമായാണ് അല്‍ വര്‍ഖ സിറ്റി മാള്‍ പ്രോജക്ട്.

ദുബായിലെ അല്‍ വര്‍ഖ- 3യില്‍ മിര്‍ദിഫിനും അല്‍ വര്‍ഖയ്ക്കും ഇടയിലൂടെ എമിറേറ്റ്സ് റോഡിലേക്കുള്ള ട്രിപ്പോളി സ്ട്രീറ്റിലാണ് മാള്‍ സ്ഥിതി ചെയ്യുന്നതെന്നും ആ പ്രദേശത്തിന്‍റെ പ്രത്യേകതകള്‍ കാരണം കൂടുതല്‍ ആളുകളിലേക്ക് യൂണിയന്‍ കോപിന്‍റെ സേവനങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നും പ്രോജക്ടിന്‍റെ വിശദാംശങ്ങള്‍ അറിയിച്ച് യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. 

രണ്ട് ബേസ്‌മെന്റുകള്‍, ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില, ഓഫീസസ് ഫ്ലോര്‍ എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം 673, 200 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. ബേസ്‌മെന്റിലെ രണ്ട് നിലകളും ഗ്രൗണ്ട് ഫ്‌ലോറിന്റെ ഒരു ഭാഗവും 671 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന പാര്‍ക്കിങ് ഏരിയയാണ് നീക്കി വെച്ചിരിക്കുന്നത്. രണ്ടാമത്തെ ബേസ്‌മെന്റ് ഫ്ലോറില്‍ 224 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.  224 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാമത്തെ ബേസ്‌മെന്റ് ഫ്ലോറും 223 പാര്‍ക്കിങ് ലോട്ടുകളുള്ള ഗ്രൗണ്ട് ഫ്ലോറുമാണ് തയ്യാറാകുന്നത്. 56,664 ചതുരശ്ര അടിയിലായി വ്യാപിച്ചു കിടക്കുന്ന 44 സ്റ്റോറുകളും മാളിന്റെ ഭാഗമാണ്. ഈ സ്‌റ്റോറുകളില്‍ 26 എണ്ണം ഗ്രൗണ്ട് ഫ്ലോറിലും 18 എണ്ണം ഒന്നാം നിലയിലുമാണുള്ളത്. കെട്ടിടത്തിന്റെ രണ്ടാം നില യൂണിയന്‍ കോപിന്റെ മാനേജ്‌മെന്റ് ഓഫീസുകള്‍ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിന് 55,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് യൂണിയന്‍ കോപ് മാളിന് ചുറ്റുമുള്ള റോഡുകളുടെയും ട്രിപ്പോളി മെയിന്‍ സ്ട്രീറ്റിലേക്കുള്ള റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. 2.5 കോടി ദിര്‍ഹമാണ് ഇതിനായി ചെലവഴിക്കുന്നത്. റോഡുകളുടെ നിര്‍മ്മാണം 20 ശതമാനം പൂര്‍ത്തിയായി. ജൂലൈ പകുതിയോടെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

നിലവില്‍ അല്‍ വര്‍ഖ സിറ്റി മാള്‍ പ്രോജക്ട് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഷോറൂമിലെ ഷെല്‍ഫിങിനും ശീതീകരണത്തിനുമുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നതും അവ സ്ഥാപിക്കുന്നതും ആരംഭിച്ചു. അടുത്ത മാസം പകുതിയോടെ  അല്‍ വര്‍ഖ സിറ്റി മാള്‍ പ്രോജക്ട് പൂര്‍ത്തിയാക്കി കരാറുകാരന്‍ കൈമാറുമെന്നാണ് കരുതുന്നത്.