Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാര്‍ക്കായുള്ള 'ഫസ ചാമ്പ്യന്‍ഷിപ്പുകള്‍' യൂണിയന്‍ കോപ് സ്‍പോണ്‍സര്‍ ചെയ്യും

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ഫസ ചാമ്പ്യന്‍ഷിപ്പുകളുടെ ഡയമണ്ട് സ്‍പോണ്‍സര്‍മാരിലൊരാളായി യൂണിയന്‍ കോപ് മാറുന്നത്.

Union Coop to Sponsor the FAZZA Championships for People of Determination
Author
Dubai - United Arab Emirates, First Published Feb 12, 2020, 11:01 AM IST

ദുബായ്: ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന ഫസ ചാമ്പ്യന്‍ഷിപ്പുകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യൂണിയന്‍ കോപ് സ്പോണ്‍സര്‍ ചെയ്യും. ഇത് സംബന്ധിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപും ദുബായ് ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും ധാരണാപത്രം ഒപ്പുവെച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹ നിര്‍മിതി ലക്ഷ്യംവെച്ച് സംഘടിപ്പിക്കപ്പെടുന്ന സംരംഭമെന്ന നിലയില്‍ ഇതിനെ സാമ്പത്തികമായും ധാര്‍മികമായും സഹായിക്കുകയാണെന്ന് യൂണിയന്‍ കോപ് വ്യക്തമാക്കി.

യൂണിയന്‍കോപ് സിഇഒയ്ക്ക് വേണ്ടി ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍ ഥാനിയും ദുബായ് ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്റെ എക്സിക്യൂട്ടീവ് മാനേജിങ് ഡയറക്ടറും ചാമ്പ്യന്‍ഷിപ്പ് മാനേജറുമായ മജീദ് അബ്ദുല്ല അലോസൈമിയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളുടെയും ജീവനക്കാരും ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തില്‍ തുല്യ അവസരം ലഭ്യമാക്കാനാണ് ഇത്തരമൊരു പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹരീബ് മുഹമ്മദ് ബിന്‍ ഥാനി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക വഴി സമൂഹത്തിലെ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് സഹായകമാവുകയും രാജ്യത്തിന്റെ നവോദ്ധാനത്തില്‍ പങ്കാളികളാവുകയും ചെയ്യാനും യൂണിയന്‍കോപ് ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്കായുള്ള ഫസ ചാമ്പ്യന്‍ഷിപ്പുകളുടെ പ്രധാന സ്പോണ്‍സറെന്ന നിലയില്‍ യൂണിയന്‍കോപ് നല്‍കുന്ന പിന്തുണയ്ക്ക് ദുബായ് ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ എക്സിക്യൂട്ടീവ് മാനേജിങ് ഡയറക്ടര്‍ മജീദ് അബ്ദുല്ല അലോസൈമി നന്ദി അറിയിച്ചു. രാഷ്ട്ര നേതൃത്വത്തിന്റെയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും പിന്തുണയോടെയുമാണ് ഈ ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച അത്‍ലറ്റുകള്‍ പങ്കെടുക്കുന്ന ഏറ്റവും പ്രധാന്യമുള്ളൊരു കായിക മേളയായി ഇത് മാറിക്കഴിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ നിരന്തര സഹായം കൊണ്ടുകൂടിയാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios