മസ്കറ്റ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയുടെ വിദേശ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ മസ്‌കറ്റില്‍ എത്തി. ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീര്‍ മന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വി മുരളീധരന്‍ ഒമാന്‍ സന്ദര്‍ശിക്കുന്നത്.

സന്ദര്‍ശന വേളയില്‍ ഒമാന്‍ വിദേശകാര്യ, തൊഴില്‍വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പടെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായും പുതുതായി രൂപീകരിച്ചിട്ടുള്ള ഒമാന്‍ ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ പ്രതിനിധികളുമായും മന്ത്രി സംവദിക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്, സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ, വിദ്യാഭ്യാസ, ആരോഗ്യ, യോഗ സംഘടനാ ഭാരവാഹികള്‍ എന്നിവരുമായും കൂടികാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തി വരുന്നുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ സന്ദര്‍ശനം.