റിയാദ്: സൗദിയിലെ ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദ്, എംബസി ഫസ്റ്റ് സെക്രട്ടറിയും സാമൂഹിക ക്ഷേമ വിഭാഗം മേധാവിയും ഹെഡ് ഓഫ് ചാൻസറിയുമായ എം.ആർ. സജീവ് എന്നിവരുമായി യുണൈറ്റഡ് നഴ്‍സസ് അസോസിയേഷൻ പ്രധിനിധികൾ കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഇന്ത്യൻ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം.
 
സൗദിയിലെ ഇന്ത്യൻ നഴ്‍സിങ് സമൂഹത്തിന് എല്ലാ സഹായവും പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തു. സംഘത്തിൽ യുഎൻഎ സൗദി കോഡിനേറ്റർ  മൈജോ ജോൺ തൃശൂർ, റിയാദ് കോർഡിനേറ്റർമാരായ ഷമീർ വട്ടിയൂർക്കാവ്, മായ ആലപ്പുഴ, യുഎൻഎ മക്ക കോർഡിനേറ്ററും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി എന്നിവരുമുണ്ടായിരുന്നു.

റിയാദ് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള റിയാദ്, ഹായിൽ, അൽഖസീം, അൽജൗഫ്, സൗദി വടക്കൻ അതിർത്തി പ്രദേശമായ അറാർ, റഫഹാ, തുറൈഫ്, കിഴക്കൻ പ്രവിശ്യയിലെ അഹ്‌സ, ദഹ്റാൻ, ഖോബാർ, ഖത്തീഫ്, ഹാഫ്ർ അൽബാത്തിൻ, ജുബൈൽ തുടങ്ങിയ പ്രദേശങ്ങളിൽ നഴ്‍സുമാരുടെ ആവശ്യങ്ങൾക്കായി റീജിയണൽ കോഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.