സൗദിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുന്നവർക്ക് ട്രാഫിക് വകുപ്പ് കർശന മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തും. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതും പ്രതിഫലന സ്വഭാവമുള്ളതുമായ സ്റ്റിക്കറുകൾക്ക് പൂർണ്ണ വിലക്കുണ്ട്.

റിയാദ്: ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളുടെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റിക്കറുകൾ പതിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറിന്‍റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിൽ, വാഹനത്തിെൻറ പിൻവശത്തെ വിൻഡോകളിൽ 30 ശതമാനം വരെ മാത്രമേ കൂളിങ് സ്റ്റിക്കറുകൾ പതിക്കാൻ പാടുള്ളൂ. വാഹനത്തിനുള്ളിലെ താപനില കുറയ്ക്കാനും ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ഇത്തരം സ്റ്റിക്കറുകൾ സഹായിക്കുമെങ്കിലും, ഡ്രൈവർമാരുടെ കാഴ്ചയെ യാതൊരു വിധത്തിലും തടസ്സപ്പെടുത്താൻ പാടില്ല. സുരക്ഷിതമായ ഡ്രൈവിങ്ങിന് ആവശ്യമായ ദൃശ്യപരത ഉറപ്പാക്കാത്ത തരത്തിലുള്ള മറ്റെല്ലാ വിധത്തിലുമുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു.

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് മുൻവശത്തെയും പിൻവശത്തെയും ജനാലകളിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇവ പുറത്തുനിന്നുള്ള ദൃശ്യപരത മറയ്ക്കാത്ത വിധം പൂർണമായും സുതാര്യമായിരിക്കണം. റോഡിലെ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കണ്ണാടി പോലുള്ള പ്രതിഫലന (റിഫ്ലക്ടീവ്) സ്റ്റിക്കറുകൾക്ക് കർശന വിലക്കുണ്ട്. കൂടാതെ, ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളോ മറ്റ് അലങ്കാരങ്ങളോ ഗ്ലാസുകളിൽ സ്ഥാപിക്കാൻ പാടില്ലെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.